'മുല്ലപ്പെരിയാര്‍ അണക്കെട്ട് നല്ല നിലയില്‍, ആശങ്കപ്പെടേണ്ട കാര്യമില്ല'; പരിശോധന നടത്തി ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി

'മുല്ലപ്പെരിയാര്‍ അണക്കെട്ട് നല്ല നിലയില്‍, ആശങ്കപ്പെടേണ്ട കാര്യമില്ല'; പരിശോധന നടത്തി ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി

മധുര: മുല്ലപ്പെരിയാര്‍ അണക്കെട്ട് നല്ല നിലയിലാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (എന്‍ഡിഎസ്എ) ചെയര്‍മാന്‍ അനില്‍ ജെയിന്‍. അണക്കെട്ട് പരിശോധിച്ച നാലാമത്തെ മേല്‍നോട്ട സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ തമിഴ്നാടും കേരളവും തമ്മിലുള്ള നിരവധി പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയില്‍ രമ്യമായി പരിഹരിച്ചതായും അദേഹം പറഞ്ഞു. അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങള്‍, ഹൈഡ്രോ-മെക്കാനിക്കല്‍ ഘടകങ്ങള്‍, ഗാലറി എന്നിവ ഉള്‍പ്പെടെ വിവിധ വശങ്ങള്‍ സമിതി പരിശോധിച്ചതായും അദേഹം പറഞ്ഞു. 2025 ലെ മഴക്കാലത്തിന് ശേഷമുള്ള അണക്കെട്ടിന്റെ അവസ്ഥ തങ്ങള്‍ പരിശോധിച്ചു. ഇതുവരെ ആശങ്കാജനകമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അണക്കെട്ട് നല്ല നിലയിലാണെന്നും അദേഹം വ്യക്തമാക്കി.

തമിഴ്നാട് സര്‍ക്കാര്‍ കേരള സര്‍ക്കാരുമായി ചില ഉപകരണങ്ങള്‍ പങ്കിടാന്‍ തീരുമാനിച്ചു. വനമേഖലയിലൂടെ അണക്കെട്ട് സ്ഥലത്തേക്ക് തമിഴ്നാടിന് ശരിയായ പ്രവേശനം നല്‍കാന്‍ കേരള സര്‍ക്കാരും സമ്മതിച്ചു. അണക്കെട്ടിന്റെ വെള്ളത്തിനടിയിലെ അവസ്ഥ വിലയിരുത്തുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആര്‍ഒവി) സര്‍വേയുടെ വരാനിരിക്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള അടുത്ത നടപടികളും കമ്മിറ്റി ചര്‍ച്ച ചെയ്തതായി അദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് വേഗത്തില്‍ തീരുമാനമെടുക്കുകയും ഗ്രൗട്ടിംഗ് ജോലികള്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യും. സമഗ്രമായ അണക്കെട്ട് സുരക്ഷാ വിലയിരുത്തലിനുള്ള പ്രവര്‍ത്തനം മേല്‍നോട്ട ഉപസമിതികള്‍ അന്തിമമാക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. മൂല്യനിര്‍ണയത്തിന് ആവശ്യമായ സ്വതന്ത്ര വിദഗ്ദ്ധ പാനലില്‍ ഉള്‍പ്പെടുത്തേണ്ട വിദഗ്ധരുടെ പട്ടിക ഇരു സംസ്ഥാനങ്ങളും സമര്‍പ്പിക്കും.

ചട്ടങ്ങള്‍ അനുസരിച്ച് പാനല്‍ രൂപീകരിക്കുന്നതില്‍ എന്‍ഡിഎസ്എ അന്തിമ തീരുമാനം എടുക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.