സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം; ഡല്‍ഹി സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിച്ചതായി സംശയം

സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം; ഡല്‍ഹി സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിച്ചതായി സംശയം

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ ഉപയോഗിച്ചതായി സംശയം. അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാല്‍ മറ്റ് പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞതിന് ശേഷമേ വ്യക്തമാകൂ.

സ്‌ഫോടനം നടത്തിയ ഉമര്‍ പതിനൊന്ന് മണിക്കൂര്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാള്‍ പോയെന്നാണ് പൊലീസ് നിഗമനം. ഫരീദാബാദിലെ അറസ്റ്റുകള്‍ അറിഞ്ഞ ഇയാള്‍ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കില്‍ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എന്‍ഐഎ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായ ഡോക്ടര്‍മാരായ ആദില്‍, മുസ്മീല്‍, ഷഹീനാ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. അതേസമയം ആക്രമണത്തില്‍ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഡോ. ഉമര്‍ മുഹമ്മദ് നടത്തിയത് ചാവേര്‍ ആക്രമണം ആയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ചാവേറിന്റെ രീതിയില്‍ ആയിരുന്നില്ല ആക്രമണം. റെയ്ഡില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത് പ്രതിയെ പരിഭ്രാന്തനാക്കി. നിര്‍മാണം പൂര്‍ത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുക ആയിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.