ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദ് മസ്ജിദിലെ ഇമാമിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗര്‍ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്.
അതിനിടെ ഫരീദാബാദ് അല്‍ ഫലാഹ് സര്‍വ്വകലാശാലയില്‍ പരിശോധനകള്‍ തുടരുകയാണ്. സര്‍വ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് 70 പേരെ ചോദ്യം ചെയ്തു.
അതേസമയം സ്‌ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയം ബലപ്പെടുകയാണ്. സ്‌ഫോടക വസ്തുക്കള്‍ എവിടേക്കോ മാറ്റാന്‍ നോക്കുമ്പോള്‍ സ്‌ഫോടനം നടന്നു എന്നാണ് അനുമാനം. കൊല്ലപ്പെട്ട ഡോ. ഉമറും കൂട്ടുപ്രതി ഡോ. മുസമ്മലും നേരത്തെ റെഡ്‌ഫോര്‍ട്ട് പരിസരത്ത് എത്തിയിരുന്നു. സ്‌ഫോടനം നടന്ന ദിവസം ഡല്‍ഹി മയൂര്‍ വിഹാറിലും ഉമറിന്റെ വാഹനം എത്തിയിരുന്നു.
സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതായാണ് പൊലീസിന്റെ നിഗമനം. അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാല്‍ മറ്റു പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടൂണ്ടോ എന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ.
സ്‌ഫോടനം നടത്തിയ കാശ്മീര്‍ സ്വദേശിയായ ഡോ. ഉമര്‍ പതിനൊന്ന് മണിക്കൂര്‍ ഡല്‍ഹിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാള്‍ പോയെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഫരീദാബാദിലെ അറസ്റ്റുകള്‍ അറിഞ്ഞ ഇയാള്‍ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കില്‍ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
സ്‌ഫോടനം സംബന്ധിച്ച അന്വേഷണം എന്‍ഐഎ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറന്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായ ഡോക്ടര്‍മാരായ ആദില്‍, മുസമ്മല്‍, ഷഹീനാ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തില്‍ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.