ഡല്‍ഹി സ്‌ഫോടനം: പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; തുര്‍ക്കിയില്‍ നിന്നും ഖത്തറില്‍ നിന്നും പണമെത്തി, 'വൈറ്റ് കോളര്‍ ഭീകരരുടെ' തീവ്രവാദ ഗുരു മൗലവി ഇര്‍ഫാന്‍

ഡല്‍ഹി സ്‌ഫോടനം: പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; തുര്‍ക്കിയില്‍ നിന്നും ഖത്തറില്‍ നിന്നും പണമെത്തി, 'വൈറ്റ് കോളര്‍ ഭീകരരുടെ' തീവ്രവാദ ഗുരു മൗലവി ഇര്‍ഫാന്‍

ഡോ. ആദിലും ഡോ. മുസമ്മലും ഈ വര്‍ഷം തുര്‍ക്കി സന്ദര്‍ശിക്കുകയും അവിടെ വെച്ച് തങ്ങളുടെ 'ബോസു'മായി കൂടിക്കാഴ്ച നടത്തിയതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. 'ബോസ്' ആരാണെന്ന കാര്യം പുറത്തു വിട്ടിട്ടില്ല.

ന്യൂഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്ഫോടനത്തിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നത്.

ഇപ്പോള്‍ അറസ്റ്റിലായവരില്‍ അന്വേഷണം ഒതുങ്ങില്ലെന്നും ഇന്ത്യയിലുടനീളം വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഒരു വന്‍ തീവ്രവാദ ശൃംഖലയുടെ പ്രധാന കണ്ണികളാണ് പിടിയിലായ ഡോക്ടര്‍മാര്‍ എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

സ്‌ഫോടക വസ്തു ശേഖരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും പിടിയിലായ ഡോ. ആദിലും ഡോ. മുസമ്മലും ഈ വര്‍ഷം തുര്‍ക്കി സന്ദര്‍ശിക്കുകയും അവിടെ വെച്ച് തങ്ങളുടെ 'ബോസു'മായി കൂടിക്കാഴ്ച നടത്തിയതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. 'ബോസ്' ആരാണെന്ന കാര്യം പുറത്തു വിട്ടിട്ടില്ല.

ആദിലിനും മുസമ്മലിനുമൊപ്പം അറസ്റ്റിലായ രണ്ട് വനിതാ ഡോക്ടര്‍മാര്‍ തമ്മിലുള്ള നാനൂറിലധികം എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇതില്‍ പണം കൈമാറ്റം, മറ്റ് സൗകര്യങ്ങള്‍, സുരക്ഷിതമായ ഒളിത്താവളങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഇവരില്‍ ഒരാള്‍ക്ക് 2023 നും 2024 നും ഇടയില്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും ഖത്തറിലെ ദോഹയില്‍ നിന്നും ഡിജിറ്റല്‍ വാലറ്റുകള്‍ വഴി നിരവധി തവണ വിദേശ പണം ലഭിച്ചതായും വ്യക്തമായിട്ടുണ്ട്.

ഇത് അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് ആണെന്ന് കരുതപ്പെടുന്നു. രണ്ട് പേരും ബംഗ്ലാദേശിലെ ധാക്ക മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്.

ഈ ശൃംഖല വളരെ സംഘടിതവും ഡിജിറ്റല്‍ വൈദഗ്ധ്യമുള്ളതും വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതുമാണെന്ന് അനേഷണ ഏജന്‍സികള്‍ കരുതുന്നു. ഈ വിവരങ്ങളെല്ലാം ഒരു വലിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ പ്രതികളുടെ തുര്‍ക്കി, ഖത്തര്‍ ബന്ധങ്ങളും സംഘത്തിന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ലഭിച്ചതിന്റെ ഉറവിടവും പരിശോധിച്ചു വരികയാണ്. അപകടകരമായ ഈ സ്ലീപ്പര്‍ സെല്‍ ശൃംഖലയിലെ കൂടുതല്‍ പ്രവര്‍ത്തകരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമമാണ് നടന്നു വരുന്നത്.

നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍, പണമിടപാട് രേഖകള്‍, എന്‍ക്രിപ്റ്റ് ചെയ്ത ആശയ വിനിമയങ്ങള്‍ എന്നിവയും പരിശോധിച്ചു വരികയാണ്.

അതിനിടെ വനിതാ ഡോക്ടര്‍മാര്‍ കാശ്മീരിലെ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന കാലത്ത് പരിചയപ്പെട്ട മൗലവി ഇര്‍ഫാന്‍ എന്ന മതപണ്ഡിതനാണ് ഇവരെ തീവ്രവാദ ആശയങ്ങള്‍ പഠിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൗലവി ഇര്‍ഫാന്‍ ഈ സംഘത്തിന് 'ഗസ്വെ ഹിന്ദ്' പോലുള്ള തീവ്രവാദ ആശയങ്ങള്‍ പരിചയപ്പെടുത്തി. ഇയാളില്‍ നിന്നാണ് ഇന്ത്യയിലുടനീളം 'ഓപ്പണ്‍ സ്ലീപ്പര്‍ സെല്ലുകള്‍' ഉണ്ടാക്കാനും കൂടുതല്‍ ആളുകളെ ചേര്‍ത്ത് പ്രവര്‍ത്തന ശൃംഖല വിപുലീകരിക്കാനും ഇവര്‍ക്ക് പ്രേരണ ലഭിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരമാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാര്‍ പൊട്ടിത്തെറിച്ച് പതിമൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

ഫരീദാബാദിലുള്ള അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് 2,900 കിലോ സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഡല്‍ഹിയില്‍ സ്‌ഫോടനമുണ്ടായത്.

ഈ സ്ഫോടക വസ്തുക്കളുടെ കണ്ടെത്തലാണ് ഇന്ത്യയിലുടനീളം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട 'വൈറ്റ് കോളര്‍ ഭീകരരുടെ' ഒരു വലിയ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.