ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി അജ്ഞാത ബോംബ് ഭീഷണി. പരിശോധനയില്‍ ഭീഷണി സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് അയച്ച ഭീഷണി സന്ദേശത്തില്‍ ഡല്‍ഹി, ചെന്നൈ, ഗോവ എന്നിവയുള്‍പ്പെടെ നിരവധി വിമാനത്താവളങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു.
ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് ടെര്‍മിനല്‍-3യിലാണ് അജ്ഞാത ബോംബ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തത്. ടെര്‍മിനല്‍ 3-ല്‍ ബോംബ് ഭീഷണി ഉണ്ടെന്ന് അഗ്‌നിശമന സേനയ്ക്ക് കോള്‍ ലഭിച്ചതായി ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും സുരക്ഷാ ഭീഷണി ലഭിച്ചതായി എയര്‍ലൈന്‍ വക്താവ് സ്ഥിരീകരിച്ചു.
പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബോംബ് ഭീഷണി വിലയിരുത്തല്‍ സമിതിയെ വിവരമറിയിച്ചതായും പ്രോട്ടോക്കോള്‍ അനുസരിച്ച് നടപടികളെടുത്തതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു. വിമാനവും യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി സ്ഥിരീകരിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയില്‍ പത്ത് പേരുടെ മരണത്തിനിടയാക്കിയ കാര്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം.