ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തില്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഉമര്‍ ഫാറൂഖിന്റെ ഭാര്യ ആഫിറ ബീബിയും അംഗമെന്ന് റിപ്പോര്‍ട്ട്. ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുന്‍പാണ് ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ 'ജമാഅത്തുന്‍ മുഹമിനാത്തി'ല്‍ ആഫിറ ബീബി അംഗമായതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ജമാഅത്തുന്‍ മുഹമിനാത്തിന്റെ മുഖങ്ങളിലൊന്നാണ് ആഫിറ ബീബിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെയ്ഷെയുടെ കമാന്‍ഡറായിരുന്ന ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലാണ് ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനമോടിച്ച് കയറ്റി പുല്‍വാമയില്‍ ആക്രമണം നടത്തിയത്. 2019 ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണത്തില്‍ 40 സൈനികരാണ് വീരമൃത്യു വരിച്ചത്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായ ഉമര്‍ ഫാറൂഖിനെ 2019 ല്‍ കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സേന വധിച്ചത്.
ജമാഅത്തുന്‍ മുഹമിനാത്തിന്റെ ഉപദേശക സമിതി അംഗം കൂടിയാണ് ഉമര്‍ ഫാറൂഖിന്റെ ഭാര്യ ആഫിറ ബീബി. ജെയ്ഷെ സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസറിന്റെ സഹോദരി സാദിയ അസറിനൊപ്പം ചേര്‍ന്നാണ് ആഫിറ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ബഹാവല്‍പുരിലെ ജെയ്ഷെ ക്യാമ്പില്‍വച്ച് കൊല്ലപ്പെട്ട ഭീകരന്‍ യൂസഫ് അസറിന്റെ ഭാര്യയാണ് സാദിയ അസര്‍. ഇന്ത്യയില്‍ ഭീകരവാദം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് മസൂദ് അസര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളില്‍ പ്രധാന പങ്കുവഹിക്കുന്നത് സാദിയ അസറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2025 ഒക്ടോബര്‍ എട്ടിനാണ് ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം രൂപവല്‍കരിക്കുകയാണെന്ന് മസൂദ് അസര്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 19 ന് വനിതാ അംഗങ്ങള്‍ക്കായി പാക് അധീന കശ്മീരിലെ റാവല്‍കോട്ടില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ വിഭാഗത്തിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി സഹോദരിയെയും പിന്നീട് ആഫിറ ബീബിയെയും മസൂദ് അസര്‍ ചുമതലപ്പെടുത്തിയത്.
സ്ത്രീകളെ തീവ്രവാദ ശൃംഖലയിലേക്ക് റിക്രൂട്ട് ചെയ്ത് ജെയ്ഷെയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് മസൂദ് അസര്‍ ലക്ഷ്യമിടുന്നത്. ജെയ്ഷെയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയെന്നതാണ് വനിതാ വിഭാഗത്തിന്റെ പ്രധാന ചുമതല. ഇതിനായി സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മറവിലടക്കം തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജമാഅത്തുന്‍ മുഹമിനാത്ത് കഴിഞ്ഞ മാസം ഒരു ഓണ്‍ലൈന്‍ പരിശീലന കോഴ്സും ആരംഭിച്ചിരുന്നു. ധനശേഖരണവും സ്ത്രീകളുടെ റിക്രൂട്ട്മെന്റും ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ കോഴ്സ് സംഘടിപ്പിച്ചിരുന്നത്. ജെയ്ഷെ ഭീകരരുടെ കുടുംബാംഗങ്ങളായ സ്ത്രീകളാണ് പരിശീലന കോഴ്സില്‍ പങ്കെടുത്തത്. കൊടുംഭീകരന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും ഇതില്‍ പങ്കെടുത്തിയിരുന്നു. മസൂദ് അസറിന്റെ സഹോദരിമാരായ സാദിയ അസറും സമൈറ അസറും ഓണ്‍ലൈന്‍ ക്ലാസില്‍ 40 മിനിറ്റോളം ക്ലാസെടുത്തെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഓണ്‍ലൈന്‍ കോഴ്സില്‍ ചേര്‍ന്ന സ്ത്രീകളില്‍ നിന്ന് 500 പാകിസ്ഥാനി രൂപവീതം ശേഖരിക്കുകയും ചെയ്തിരുന്നു.
സ്ഫോടക വസ്തുക്കളുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന്‍ സയീദിനും ജെയ്ഷെയുടെ വനിതാ വിഭാഗമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ വനിതാ വിഭാഗത്തിന്റെ യൂണിറ്റ് സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയിരുന്നതും ഷഹീനായിരുന്നു. ഇതിനിടെയാണ് കാറില്‍ നിന്ന് സ്ഫോടക വസ്തുക്കളുമായി ഇവര്‍ പിടിയിലായത്.