ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് പുതിയ വ്യോമതാവളം നിര്‍മിച്ച് ഇന്ത്യ. നിയന്ത്രണ രേഖയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് വ്യോമതാവളം നിര്‍മിച്ചിരിക്കുന്നത്. ഇതിന് ന്യോമ വ്യോമതാവളം എന്നാണ് പേരിട്ടിരിക്കുന്നത്.
വ്യോമതാവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ യുദ്ധ സജ്ജീകരണം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. 230 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ന്യോമ വ്യോമതാവളത്തില്‍ നടന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് 2023 ലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ലഡാക്കിലെ നാലാമത്തെ വ്യോമസേന താവളമാണിത്.
ഈ പ്രദേശങ്ങളിലേക്ക് സൈനികരെയും ആയുധങ്ങളും മറ്റ് സാമഗ്രികളും വേഗത്തില്‍ എത്തിക്കാന്‍ ന്യോമ വ്യോമതാവളം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിയന്ത്രണ രേഖയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 13000 അടി ഉയരത്തിലാണ് വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള വ്യോമതാവളമാണിത്.
ലേ, കാര്‍ഗില്‍, തോയിസ് എന്നിവയ്ക്കൊപ്പം ന്യോമ പ്രവര്‍ത്തിക്കും. കൂടാതെ കാര്‍ഗോ യാത്രാ വിമാനങ്ങളുടെയും യുദ്ധ വിമാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും നിലനിര്‍ത്താനും വ്യോമ താവളത്തിന് ശേഷിയുണ്ട്.