ഫ്ളോറിഡ: നാസയുടെ ചൊവ്വയിലേക്കുള്ള എസ്‌കപേഡ് ദൗത്യം ബ്ലൂ ഒറിജിൻ വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രനിലേക്ക് ആളുകളെയും സാധനങ്ങളെയും എത്തിക്കാനുള്ള റോക്കറ്റിന്റെ രണ്ടാമത്തെ പറക്കലായിരുന്നു ഇത്.
കേപ് കനാവറല്‍ ബഹിരാകാശ സേനാ സ്റ്റേഷനില്‍ നിന്നാണ് 321 അടി (98 മീറ്റര്‍) ഉയരമുള്ള ന്യൂ ഗ്ലെന്‍ നാസയുടെ ഇരട്ട ചൊവ്വ പേടകങ്ങളെ വഹിച്ച് യാത്ര തുടങ്ങിയത്. പ്രതികൂലമായ കാലാവസ്ഥയും ശക്തമായ സൗര കൊടുങ്കാറ്റുകളും കാരണം വിക്ഷേപണം നാല് ദിവസം വൈകിയിരുന്നു.
പേടകത്തെ ഭ്രമണപഥത്തിലെത്തിച്ച ശേഷം ബ്ലൂ ഒറിജിന്‍ ബൂസ്റ്റര്‍ വീണ്ടെടുക്കാനായത് കമ്പനിയുടെ നേട്ടമായി കാണുന്നു. സമാനമായ പരീക്ഷണം മുമ്പ് ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് നടത്തി വിജയിച്ചിട്ടുണ്ട്. ജനുവരിയില്‍ നടന്ന ന്യൂ ഗ്ലെന്‍ എന്ന ബഹിരാകാശ വാഹനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ ഒരു ഉപഗ്രഹ മാതൃകയെ ഭ്രമണപഥത്തിലെത്തിച്ചു, പക്ഷേ അറ്റ്‌ലാന്റിക് സമുദ്രത്തിലെ അതിന്റെ ഫ്‌ലോട്ടിംഗ് പ്ലാറ്റ്ഫോമില്‍ ബൂസ്റ്ററിനെ ഇറക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.
എസ്‌കപേഡ് എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹങ്ങള്‍ ഒരു വര്‍ഷം ഭൂമിക്കടുത്ത് ഒരു മില്യണ്‍ മൈല്‍ (1.5 മില്യണ്‍ കിലോമീറ്റര്‍) അകലെ നിലയുറപ്പിക്കും. തുടർന്ന് ചില ഘട്ടങ്ങൾക്കൂടി പിന്നിട്ട് 2027 ല്‍ ചൊവ്വയിൽ എത്തിച്ചേരും. തുടർന്ന് ചൊവ്വയെ ചുറ്റിസഞ്ചരിക്കുന്ന പേടകം ഗ്രഹത്തിന്റെ മുകളിലെ അന്തരീക്ഷത്തെയും ചിതറിക്കിടക്കുന്ന കാന്തികക്ഷേത്രങ്ങളെയും ഈ മേഖലകള്‍ സൗരവാതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠിക്കും.
ചൊവ്വാ ഗ്രഹം ഈര്‍പ്പമുള്ളതും ചൂടുള്ളതുമായ അവസ്ഥയില്‍ നിന്ന് വരണ്ടതും പൊടി നിറഞ്ഞതുമായി മാറിയത് എങ്ങനെയെന്നും ചൊവ്വയുടെ ഘടനയെക്കുറിച്ച് പഠിക്കാനും ഇത് സഹായിക്കും. ചൊവ്വയുടെ കഠിനമായ വികിരണ പരിതസ്ഥിതിയില്‍ നിന്ന് ബഹിരാകാശയാത്രികരെ എങ്ങനെ മികച്ച രീതിയില്‍ സംരക്ഷിക്കാമെന്നും ശാസ്ത്രജ്ഞര്‍ പഠിക്കും.