ന്യൂയോർക്ക്: ഓഗസ്റ്റ് അഞ്ചിന് യുഎസിലെ ന്യൂയോർക്ക് സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുന്ന ദയാവധ നിയമത്തിന്റെ ഭാഗമായി നടക്കുന്ന ദയാവധങ്ങളിൽ ഏതെങ്കിലും വിധത്തിൽ പങ്കുചേരാൻ കത്തോലിക്കാ സന്യാസിനിമാരെ നിർബന്ധിക്കരുതെന്ന് ഫെഡറൽ കോടതിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് വിവിധ സന്യാസിനി സമൂഹങ്ങൾ നൽകിയ ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയാണ് ഫെഡറൽ ജഡ്ജി ആനി നാർഡാച്ചി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മതസ്വാതന്ത്ര്യത്തിനായി നിയമസഹായം നൽകുന്ന ‘ബെക്കറ്റ് ഫണ്ട്’ ആണ് സന്യാസിനി സമൂഹങ്ങളെ കോടതിയിൽ പ്രതിനിധീകരിച്ചത്.
കോടതിയുടെ ഈ ഇടക്കാല ഉത്തരവിനെ സഭാ നേതൃത്വവും സന്യാസിനി സഭകളും വലിയ ആശ്വാസത്തോടെയാണ് സ്വാഗതം ചെയ്തത്. രോഗികളെയും പ്രായമായവരെയും സ്നേഹത്തോടെ ശുശ്രൂഷിക്കാനാണ് കുടുംബാംഗങ്ങൾ തങ്ങളെ ഏൽപ്പിക്കുന്നതെന്നും ആ വിശ്വാസം കാത്തുസൂക്ഷിക്കാനും ഓരോ രോഗിയുടെയും അവസാന നിമിഷം വരെ കൂടെയുണ്ടാകാനും ഈ ഉത്തരവ് സഹായിക്കുമെന്ന് കർമലീത്ത സന്യാസിനിസഭാംഗമായ മദർ മേരി റോസ് ഹീറി പ്രതികരിച്ചു.
കഷ്ടപ്പാടുകൾക്ക് ദയാവധത്തിലൂടെ മറുപടി നൽകാനോ ഗുരുതര രോഗികളെ ഉപേക്ഷിക്കാനോ കത്തോലിക്കാ സഭയെ നിർബന്ധിക്കാൻ കഴിയില്ലെന്ന് റോക്ക്വില്ലെ സെന്റർ രൂപതയുടെ ബിഷപ് ജോൺ ബാരസ് വ്യക്തമാക്കി. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുഎസിൽ ദയാവധം നിയമവിധേയമാക്കുന്ന 13-ാമത്തെ സംസ്ഥാനമായി ഓഗസ്റ്റ് അഞ്ചോടെ ന്യൂയോർക്ക് മാറുകയാണ്. പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ സന്യാസിനിമാർക്ക് ലഭിച്ച ഈ കോടതി ഉത്തരവ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.