ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പൂഞ്ഞാര്‍ മേഖലയില്‍ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വീടും ഭാര്യയുടെ വ്യാപാര സ്ഥാപനവും വെള്ളത്തിനടിയിലായി. ഏതാണ്ട് 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി അദേഹം വെളിപ്പെടുത്തി.
ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് പ്രദേശത്ത് പെട്ടെന്ന് വെള്ളം ഉയര്‍ന്നത്. പുലര്‍ച്ചെ രണ്ടോടെ അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉണര്‍ന്ന കുടുംബം നിമിഷങ്ങള്‍ക്കകം വീടിനുള്ളിലേക്ക് വെള്ളം കയറുന്നതാണ് കണ്ടത്. മൂന്നരയടിയോളം ഉയരത്തില്‍ വെള്ളം ഉയര്‍ന്നതോടെ പി.സി ജോര്‍ജും ഭാര്യ ഉഷയും മകന്‍ ഷെയ്‌നും വീടിന്റെ മുകളിലത്തെ നിലയിലേക്ക് മാറി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ 40 വര്‍ഷത്തെ താമസത്തിനിടയില്‍ ഇത്തരമൊരു അവസ്ഥ ആദ്യമായാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. വീടിനുള്ളിലെ ഫ്രിജ്, ടിവി, അടുക്കളപ്പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ഉപകരണങ്ങളെല്ലാം വെള്ളം കയറി നശിച്ചു. നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇന്നോവ കാറുകളിലും വെള്ളം കയറി. വീട്ടില്‍ മാത്രം 10 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൂടാതെ പൂഞ്ഞാറില്‍ ഭാര്യ ഉഷ നടത്തുന്ന സാരി ഷോപ്പിലും വെള്ളം കയറിയതിനെ തുടര്‍ന്ന് വിലകൂടിയ തുണിത്തരങ്ങള്‍ പൂര്‍ണമായും നശിച്ചു. കടയിലുണ്ടായ നാശനഷ്ടം 30 ലക്ഷത്തോളം വരുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തനിക്കുണ്ടായതിനേക്കാള്‍ വലിയ ദുരിതം അനുഭവിച്ചവര്‍ നാട്ടിലുണ്ടെന്നും അതിനിടയില്‍ സ്വന്തം നഷ്ടം വലിയ കാര്യമായി ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും അദേഹം പ്രതികരിച്ചു.
പൂഞ്ഞാര്‍ മേഖലയില്‍ 213 മില്ലീമീറ്റര്‍ വരെ മഴയാണ് രേഖപ്പെടുത്തിയത്. അര്‍ധരാത്രിയോടെ ഉയര്‍ന്ന വെള്ളം പുലര്‍ച്ചെ മൂന്നോടെ ഈരാറ്റുപേട്ട-പാലാ റോഡിലെ ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തി. പ്രദേശത്തെ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി വന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.