തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി തിങ്കളാഴ്ച വിവിധ ജില്ലകളിലും താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കുമാണ് അവധി നല്‍കിയിട്ടുള്ളത്.
കൂടാതെ ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 10 ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. മലയോര മേഖലകളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്.
മഴക്കെടുതി രൂക്ഷമായതോടെ സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പുകളിലായി നിലവില്‍ 5,792 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയിലും കാറ്റിലും 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ജീവനോപാധികളും വീടും നഷ്ടപ്പെട്ടവര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും അടിയന്തര സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഴയുടെ അളവില്‍ ചിലയിടങ്ങളില്‍ നേരിയ കുറവുണ്ടെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും സജ്ജമാണ്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും ആവശ്യമായ സഹായങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടങ്ങളുമായോ കണ്‍ട്രോള്‍ റൂമുകളുമായോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.