ഫണ്ട് തിരിമറി അടഞ്ഞ അധ്യായം; ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബിജെപി

ഫണ്ട് തിരിമറി അടഞ്ഞ അധ്യായം; ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബിജെപി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്ന ഫണ്ട് തിരിമറി ആരോപണങ്ങള്‍ തള്ളി ബിജെപി സംസ്ഥാന നേതൃത്വം. ഇത്തരം അനാവശ്യ വിവാദങ്ങള്‍ അവഗണിച്ച് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രധാന ഭാരവാഹികളുടെ യോഗത്തിലെടുത്ത തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 'മിഷന്‍ 29' എന്ന പേരിലുള്ള പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുന്നോട്ടു പോകും. സ്ഥാനാര്‍ഥികളെയും മണ്ഡല ചുമതലക്കാരെയും നേരത്തെ തന്നെ പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കും. ലോക്സഭാ സീറ്റുകളുടെ എണ്ണം 20 ആണെങ്കില്‍ നാല് സീറ്റുകളിലെങ്കിലും വിജയിക്കണമെന്നാണ് നിര്‍ദേശം.

നിലവിലുള്ള തൃശൂര്‍ സീറ്റ് നിലനിര്‍ത്തുന്നതിന് പുറമെ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലാണ് പാര്‍ട്ടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങലില്‍ കെ. സുരേന്ദ്രന്‍, തൃശൂരില്‍ സുരേഷ് ഗോപി, പത്തനംതിട്ടയില്‍ അനൂപ് ആന്റണി എന്നിവരെ സ്ഥാനാര്‍ഥികളാക്കാനാണ് പ്രഥമ പരിഗണന.

നിയമസഭാ തിരഞ്ഞെടുപ്പിലെ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അനാവശ്യമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗത്തില്‍ പറഞ്ഞു. ബിജെപിയുടെ മുന്നേറ്റത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതിന് പിന്നിലെന്നും അദേഹം വ്യക്തമാക്കി.

ഫണ്ട് ക്രമക്കേട് വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിക്കുന്നതില്‍ നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ആരോപണ വിധേയരായ നേതാക്കള്‍ക്ക് സ്വന്തം നിലയ്ക്ക് നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സഹായം നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഉറപ്പുനല്‍കി.

യോഗത്തില്‍ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യമായ ചര്‍ച്ചകള്‍ ഉണ്ടായില്ല. അധ്യക്ഷന്‍ കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തത്. ഇനി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന കര്‍ശന നിര്‍ദേശവും നേതൃത്വം നല്‍കി. കോര്‍ കമ്മിറ്റിയും നേതൃയോഗവും വിളിച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യവും തള്ളി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.