ന്യൂഡല്‍ഹി: സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ബിഹാറില്‍ വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കള്‍ക്കെതിരെ ബിജെപിയുടെ കടുത്ത നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ആര്‍.കെ സിങിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അച്ചടക്ക ലംഘനമാണ്. പാര്‍ട്ടി ഇതിനെ ഗൗരവമായാണ് കാണുന്നത്. അതിനാല്‍ നിങ്ങളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു. എന്തുകൊണ്ട് നിങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുത് എന്ന് കാരണം സഹിതം വിശദീകരിക്കണം. കത്ത് ലഭിച്ച് ഒരാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്നാണ് ബിജെപി ആര്‍.കെ സിങിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. ആര്‍.കെ സിങിനെ കൂടാതെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം അശോക് അഗര്‍വാളിനേയും കതിഹാര്‍ മേയര്‍ ഉഷ അഗര്‍വാളിനേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ബിജെപിയെയും എന്‍ഡിഎ സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പ്രസ്താവനകള്‍ ആര്‍.കെ സിങ് നടത്തിയിരുന്നു. ബിഹാറിലെ സൗരോര്‍ജ്ജ പദ്ധതി അദാനിക്ക് കൈമാറിയത് 62,000 കോടി രൂപയുടെ അഴിമതിയാണെന്നായിരുന്നു അദേഹത്തിന്റെ ആരോപണം.