ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന് ഉപയോഗിച്ചത് മദര്‍ ഓഫ് സാത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അതീവ അപകടകാരിയായ ട്രയാസിടോണ്‍ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) ആണെന്ന് സൂചന നല്‍കി അന്വേഷണ ഉദ്യോഗസ്ഥര്‍. ടിഎടിപിക്ക് സ്‌ഫോടനമുണ്ടാക്കാന്‍ ഡിറ്റനേറ്ററിന്റെ ആവശ്യമില്ലെന്നും ചൂട്, ഘര്‍ഷണം, ഷോക്ക് എന്നിവകൊണ്ട് ഇവ പൊട്ടിത്തെറിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ച കാറിനുള്ളില്‍ ഉണ്ടായിരുന്നത് ഐഇഡിയുടെ പ്രധാന ഘടകം ടിഎടിപി ആയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ഫൊറന്‍സിക് വിദഗ്ധര്‍. ഇത്തരം ബോംബുകള്‍ നിര്‍മിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം ഭീകര സംഘടനകളില്‍ നിന്ന് ലഭിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഡല്‍ഹി സ്‌ഫോടനം നടന്ന സ്ഥലത്തും കൊല്ലപ്പെട്ടവരുടെ ശരീരത്തിലും ആണി പോലെയുള്ള കൂര്‍ത്ത വസ്തുക്കള്‍ കണ്ടെടുക്കാന്‍ കഴിയാതിരുന്നതും ടിഎടിപി സ്‌ഫോടനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
2017 ല്‍ ബാഴ്‌സലോണയിലെയും മാഞ്ചസ്റ്ററിലെയും 2015 ല്‍ പാരിസിലെയും 2016 ലെ ബ്രസല്‍സിലെയും ഭീകരാക്രമണങ്ങളില്‍ ടിഎടിപിയാണ് ഉപയോഗിച്ചിരുന്നത്.
നേരത്തേ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് കാരണമായതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതിനിടെ കേസിലെ മുഖ്യപ്രതി ഡോ. ഉമര്‍ മുഹമ്മദ് (ഉമര്‍ നബി) നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ 20 ലക്ഷത്തോളം രൂപ സമാഹരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാനും ഹവാല ഇടപാടുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഉമര്‍ മുഹമ്മദ് ഹരിയാനയിലെ നൂഹില്‍ നിന്ന് ഈ പണം ഉപയോഗിച്ച് വലിയ അളവില്‍ വളം സംഭരിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എന്‍പികെ വളമാണ് വാങ്ങിക്കൂട്ടിയതെന്നാണ് കണ്ടെത്തല്‍.