പട്ന: തിരഞ്ഞെടുപ്പിന് പിന്നാലെ ബിഹാറില്‍ പുതിയ വിവാദം. ലോകബാങ്കിന്റെ 14,000 കോടി രൂപയുടെ ഫണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി വകമാറ്റിയെന്ന ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി (ജെ.എസ്.പി) രംഗത്തെത്തി.
സൗജന്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ് ഫണ്ട് വകമാറ്റിയതെന്ന് ജെ.എസ്.പി ദേശീയ അധ്യക്ഷന്‍ ഉദയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ വോട്ട് 'വാങ്ങാന്‍' സര്‍ക്കാര്‍ പൊതുപണം ഉപയോഗിച്ചു. ജൂണ്‍ മുതല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ 40,000 കോടി ധൂര്‍ത്തടിച്ചു. ലോകബാങ്കില്‍ നിന്ന് വായ്പയായി ലഭിച്ച 14,000 കോടി രൂപ പോലും ആനുകൂല്യങ്ങള്‍ക്കും സൗജന്യങ്ങള്‍ക്കുമായി വകമാറ്റി ചെലവഴിച്ചുവെന്നും ഉദയ് സിങ് പറഞ്ഞു.
ജന്‍ സുരാജ് പാര്‍ട്ടിയുടെ ഒരു വിഭാഗം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചതായും ആര്‍ജെഡി അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിയെത്തുമെന്ന ഭയത്തെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ ജെ.എസ്.പിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.