കോഴിക്കോട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ നേരിടുന്നത് കടുത്ത മാനസിക സമ്മര്‍ദമെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് വിളിച്ച് ചേര്‍ത്ത എസ്ഐആര്‍ അവലോകന യോഗത്തില്‍ സമ്മര്‍ദം ചെലുത്തും വിധം സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
കടുത്ത നടപടിയായി ടെര്‍മിനേറ്റ് ചെയ്യണമെന്നാണ് യോഗത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കുന്നത്. സൂപ്പര്‍വൈസര്‍മാര്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ബിഎല്‍ഒമാരെ വിളിക്കണം. എവിടെയാണ് എന്താണ് എന്നെല്ലാം അന്വേഷിക്കണമെന്നും കളക്ടര്‍ പറയുന്നുണ്ട്. ആരൊക്കെയാണ് ജോലി ചെയ്യാത്ത ബിഎല്‍ഒമാര്‍, അവരുടെ ലിസ്റ്റ് തന്നാല്‍ അവരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാം അല്ലെങ്കില്‍ ടെര്‍മിനേറ്റ് ചെയ്യാം എന്നാണ് കളക്ടര്‍ പറയുന്നത്.
അതേസമയം അധിക ജോലി ഭാരവും സമ്മര്‍ദവുമാണ് ബിഎല്‍ഒമാര്‍ നേരിടുന്നതെന്ന് വെളിപ്പെടുത്തുന്ന കൂടുതല്‍ പ്രതികരണങ്ങളാണ് ഇതിനോടകം പുറത്ത് വരുന്നത്. വോട്ടര്‍മാരുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ എന്‍ട്രി ചെയ്യാനുള്ള ഉത്തരവും സമയപരിധി വര്‍ധിപ്പിച്ചതും സമ്മര്‍ദം ഇരട്ടിയാക്കിയെന്നും ബിഎല്‍ഒമാര്‍ പറയുന്നു.
കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തത് ജോലി സമ്മര്‍ദത്താലാണ് എന്നാണ് നിഗമനം. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ അദേഹത്തിന് സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പയ്യന്നൂര്‍ മണ്ഡലം 18-ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജിനെയാണ് ഇന്ന് രാവിലെ വീടിന്റെ മുകള്‍ നിലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.