ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പിവിസി റെസിന്‍ ക്യാന്‍സര്‍ അടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് കണ്ടെത്തല്‍.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റെസിന്‍ ഗുണ നിലവാരമില്ലാത്തവയാണെന്നും ഇത്തരം സാധനം വ്യാപകമായി ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും സെന്റര്‍ ഫോര്‍ ഡൊമസ്റ്റിക് ഇക്കണോമി പോളിസി റിസര്‍ച്ചിന്റെ പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പൈപ്പ്, കേബിള്‍, മെഡിക്കല്‍ സാമഗ്രികള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ പ്ലാസ്റ്റിക് പോളിമറാണ് പിവിസി റെസിന്‍ അഥവാ പോളി വിനൈല്‍ ക്ലോറൈഡ്. വെള്ള നിറത്തില്‍ പൊടിയുടെ രൂപത്തിലാണ് ഇവ ലഭ്യമാകുന്നത്. ഇത് ചൂടായാല്‍ മൃദുവാകുന്നു.
പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയില്‍ ഉയര്‍ന്ന അളവിലുള്ള റെസിഡ്യൂവല്‍ വിനൈല്‍ ക്ലോറൈഡ് അടങ്ങിയിരിക്കുന്നുവെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്റര്‍ നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ഈ ആര്‍വിസിഎമ്മിനെ കാറ്റഗറി 1 എ കാര്‍സിനോജന്‍ ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് മനുഷ്യരില്‍ ക്യാന്‍സര്‍ പടരുന്നതിന് പ്രധാന കാരണമാകുന്ന ഒന്നാണ്. അനുവദിനീയമായതിലും അഞ്ച് മടങ്ങ് വരെയാണ് ഈ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത് എന്നത് ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഏകദേശം 30 ശതമാനം വരുന്ന പിവിസി, ജല വിതരണം, ശുചിത്വം, ജലസേചനം, ആരോഗ്യ സംരക്ഷണം, നിര്‍മാണം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ഉപയോഗിക്കുന്നുണ്ടെന്നതിനാല്‍ തന്നെ റെസിന്റെ ഗുണ നിലവാരം അപകടകരമാകുന്നത് വലിയ ആപത്ത് ക്ഷണിച്ചു വരുത്തുന്നത്.