ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതികള്‍ ലക്ഷ്യമിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോണ്‍ ആക്രമണമെന്ന് എന്‍ഐഎ. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് സമാനമാണിത്. ഹമാസ് ഭീകരര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള റോക്കറ്റുകള്‍ നിര്‍മിക്കാനുള്ള ഗൂഢാലോചനയും സംഘം നടത്തിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചാവേറായ ഉമര്‍ നബിക്ക് സാങ്കേതിക സഹായം നല്‍കിയ കാശ്മീര്‍ സ്വദേശി അമീര്‍ റാഷിദ് അലിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കാര്‍ ബോംബ് സ്‌ഫോടനത്തിന് പുറമേ ചെറു റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനും ഭീകരര്‍ പദ്ധതി ഇട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ സംഘം ശേഖരിച്ചത്. ഡ്രോണില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാനിയിരുന്നു പദ്ധതി.
അറസ്റ്റിലായ കാശ്മീര്‍ സ്വദേശി ജസീര്‍ ബീലാല്‍ വാണി ഡ്രോണില്‍ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നല്‍കിയെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു. ചാവേറായ ഉമര്‍ നബി ഷൂസില്‍ ബോംബ് പൊട്ടിക്കാനുള്ള ട്രിഗര്‍ ഘടിപ്പിച്ചിരുന്നോ എന്നും എന്‍ഐഎ സംശയിക്കുന്നുണ്ട്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് എന്‍ഐഎ. നേരത്തെ അറസ്റ്റിലായ അമീര്‍ റാഷിദ് അലിയെ കോടതി പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇയാളെ കാശ്മീരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.