ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഡോ. ഉമര്‍ ചാവേറാക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോ പുറത്ത്. ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാര്‍ഥത്തില്‍ ചാവേറാക്രമണം ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.
ചെങ്കോട്ട ഭീകരാക്രമണത്തിന് മുന്‍പ് ഉമര്‍ ചിത്രീകരിച്ച വീഡിയോയാണിത്. ചെങ്കോട്ടയില്‍ ആക്രമണം നടത്തിയ ഇയാള്‍, നേരത്തേ തന്നെ ചാവേറാകാനുള്ള മാനസികാവസ്ഥയിലായിരുന്നുവെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. വീഡിയോയില്‍ ഉടനീളം ചാവേറാക്രമണങ്ങളെ ന്യായീകരിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്.
ചാവേര്‍ ആക്രമണത്തെക്കുറിച്ച് ഒട്ടേറെ വാദങ്ങളും വൈരുദ്ധ്യങ്ങളും ഉണ്ടെന്ന് ഡോ. ഉമര്‍ വീഡിയോയില്‍ പറയുന്നു. ഒരു പ്രത്യേക സ്ഥലത്തുവച്ച് ഒരു പ്രത്യേക സമയത്ത് താന്‍ മരിക്കുമെന്ന് കരുതി ഒരു വ്യക്തി മരിക്കാന്‍ പോകുന്നതിനെയാണ് രക്തസാക്ഷിത്വം എന്ന് പറയുന്നതെന്നാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.
ഭീകരവാദ മൊഡ്യൂളിലെ പ്രധാന കണ്ണിയായ ഡോ. ഉമര്‍ കൂടുതല്‍ പേരെ തീവ്രവാദ ശൃംഖലയിലേക്ക് ആകര്‍ഷിക്കാനും ഇവരെ ബ്രെയിന്‍ വാഷ് ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.