ന്യൂഡല്‍ഹി: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന വഴിയായിരിക്കും ധനസഹായം ലഭ്യമാക്കുക. ഇതിനായുള്ള ചട്ടക്കൂടില്‍ കേന്ദ്രം ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയതായാണ് വിവരം.
അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പാക്കി തുടങ്ങും. പ്രാദേശിക ദുരന്ത വിഭാഗത്തില്‍ അഞ്ചാമത്തെ ഇനമായാണ് വന്യജീവി ആക്രമണം മൂലമുള്ള വിളനാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്. വന്യജീവി ആക്രമണം മൂലം കെടുതി നേരിടുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വളരെ ആശ്വാസം നല്‍കുന്ന തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടത്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ദീര്‍ഘകാലമായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ കേന്ദ്ര കൃഷി മന്ത്രാലയം നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും പ്രാദേശിക ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.
തീരദേശ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം മൂലം നെല്‍വയലുകള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രാദേശിക ദുരന്തമായി കണക്കാക്കിയിരുന്നു. എന്നാല്‍ വിള ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ പെടാത്ത നാശനഷ്ടങ്ങള്‍ക്ക് ഇതുവരെയും നഷ്ട പരിഹാരം ലഭിച്ചിരുന്നില്ല.