പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്‌നയിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായി അഞ്ചാം തവണയും. ഉപമുഖ്യമന്ത്രിമാരായി സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായിരുന്നു. അദേഹമായിരുന്നു ധന വകുപ്പ് അടക്കം കൈകാര്യം ചെയ്തത്.
19 എംഎല്‍എമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ നിയമസഭാ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ നിയമസഭാ പാര്‍ട്ടി യോഗം നേതാവായി നിതീഷിനെ തിരഞ്ഞെടുത്തിരുന്നു.