ഇത് രണ്ടാം തവണ: കഴിഞ്ഞ വര്‍ഷവും തേജസ് അപകടത്തില്‍പെട്ടു

 ഇത് രണ്ടാം തവണ: കഴിഞ്ഞ വര്‍ഷവും തേജസ് അപകടത്തില്‍പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ തേജസ് യുദ്ധ വിമാനം കഴിഞ്ഞ വര്‍ഷവും അപകടത്തില്‍പെട്ടിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച ഈ ചെറു യുദ്ധ വിമാനം ലക്ഷ്യ കേന്ദ്രങ്ങള്‍ കൃത്യതയോടെ തകര്‍ക്കുന്നതില്‍ പേര് കേട്ടതാണ്. 2001 ല്‍ വ്യോമസേനയുടെ ഭാഗമായ തേജസ് ആദ്യമായി തകര്‍ന്ന് വീണത് 23 വര്‍ഷത്തിന് ശേഷമാണ്. 2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വച്ചായിരുന്നു അന്ന് അപകടമുണ്ടായത്.

മാര്‍ച്ച് 12 ന് ജയ്‌സാല്‍മീറിലെ ഒരു ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപമാണ് തേജസ് തകര്‍ന്ന് വീണത്. ഭാരത് ശക്തി എന്ന് പേരിട്ട സൈനികാഭ്യാസത്തില്‍ പങ്കെടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. വിമാനം കത്തിയെങ്കിലും അന്ന് പൈലറ്റിന് സുരക്ഷിതമായി 'ഇജക്ട്' ചെയ്ത് പുറത്തേക്ക് കടക്കാന്‍ സാധിച്ചു.

മണിക്കൂറില്‍ 2200 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കാന്‍ ശേഷിയുള്ള തേജസിന് 3500 കിലോഗ്രാം വരെ ആയുധങ്ങള്‍ വഹിക്കാനും 1850 കിലോമീറ്റര്‍ അകലെ വരെ പറന്ന് ആക്രമണം നടത്തി തിരികെ എത്താനും ഉള്ള ശേഷിയുണ്ട്. ഓയില്‍ പമ്പിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നുള്ള എന്‍ജിന്‍ തകരാറാണ് അന്ന് തേജസിന്റെ വീഴ്ചയ്ക്ക് കാരണമായത്. എംകെ1 വിഭാഗത്തില്‍ പെട്ട തേജസ് യുദ്ധവിമാനമായിരുന്നു ഇത്. തുടര്‍ന്ന് എല്ലാ എംകെ1 തേജസ് വിമാനങ്ങളും വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ മറ്റ് വിമാനങ്ങളിലൊന്നും തകരാറുകള്‍ കണ്ടെത്തിയിരുന്നില്ല.

അതേസമയം ദുബായിലെ തേജസിന്റെ അപകട കാരണം എന്താണെന്ന് വ്യക്തമല്ല. പൈലറ്റ് വീരമൃത്യു വരിക്കുകയും ചെയ്ത സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.