ഉമര്‍ നബിക്ക് പല ഭീകര സംഘടനകളുമായും ബന്ധം; അഫ്ഗാനിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ട്

ഉമര്‍ നബിക്ക് പല ഭീകര സംഘടനകളുമായും ബന്ധം; അഫ്ഗാനിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ നബിക്ക് പല ഭീകര സംഘടനകളുമായും ബന്ധമെന്ന് കണ്ടെത്തല്‍. അല്‍ ഖ്വയ്ദ അടക്കമുള്ള പല സംഘടനകളുമായും ഉമര്‍ നബി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉമര്‍ നബിയുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരില്‍ പലരും അല്‍ഖ്വയ്ദയുടെ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോള്‍, കൂടുതല്‍ തീവ്രനിലപാടുള്ള ഐഎസ്ഐസിനോടായിരുന്നു ഉമര്‍ നബിക്ക് താല്‍പ്പര്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, കാശ്മീരി മതപണ്ഡിതന്‍ മുഫ്തി ഇര്‍ഫാന്‍ വാഗെ തുടങ്ങിയവരുമായിട്ടാണ് ഉമര്‍ നബി ആശയപരമായി ഭിന്നിപ്പ് പ്രകടിപ്പിച്ചിരുന്നത്. പാശ്ചാത്യ സംസ്‌കാരത്തേയും വിദൂര ശത്രുക്കളെയും ആക്രമിക്കുന്ന അല്‍ഖ്വയ്ദ സമീപനത്തോടാണ് ഇവര്‍ ചായ്വ് പ്രകടിപ്പിച്ചിരുന്നത്. അടുത്തുള്ള ശത്രുക്കളെ കീഴ്പ്പെടുത്തുക, മതഭരണം സ്ഥാപിക്കുക തുടങ്ങിയ ഐഎസ് നയങ്ങളാണ് ഉമര്‍ നബി താല്‍പ്പര്യപ്പെട്ടത്.

പ്രത്യയ ശാസ്ത്രം, സാമ്പത്തികം, ആക്രമണം നടത്തുന്ന രീതി എന്നിവയുമായി ബന്ധപ്പെട്ട് ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ മറ്റ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഭീകര സംഘാംഗമായ ഡോ. അദീല്‍ അഹമ്മദ് റാത്തറിന്റെ ഒക്ടോബറില്‍ നടന്ന വിവാഹച്ചടങ്ങില്‍ നിന്നും ഉമര്‍ നബി വിട്ടുനിന്നിരുന്നു. മതപുരോഹിതന്‍ മുഫ്തി ഇര്‍ഫാന്‍ വാഗെ അറസ്റ്റിലായതോടെ, ഉമര്‍ നബി കാശ്മീരിലെത്തി മറ്റുള്ളവരുമായി ചര്‍ച്ച നടത്തി.

സംഘം അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടില്‍ തന്നെ തങ്ങി സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയായിരുന്നു. കാശ്മീരിലെ ബുര്‍ഹാന്‍ വാനിയുടെയും സാക്കിര്‍ മൂസയുടെയും തീവ്രവാദ പാരമ്പര്യങ്ങളുടെ പിന്‍ഗാമിയായി ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ നബി തന്നെത്തന്നെ കണ്ടിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.