ചണ്ഡീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള 131-ാം ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍; എതിര്‍പ്പുമായി പഞ്ചാബ്

ചണ്ഡീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള 131-ാം ഭരണഘടന ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍; എതിര്‍പ്പുമായി പഞ്ചാബ്

ചണ്ഡീഗഡ്: പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡീഗഡിനെ ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന് കീഴില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. പഞ്ചാബിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയെ ശക്തമായി ചെറുക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.

രാജ്യത്തെ മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പട്ടികയിലേക്ക് ചണ്ഡീഗഡിനെയും കൂട്ടിച്ചേര്‍ക്കുന്ന 131-ാം ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. പഞ്ചാബില്‍ ഭരണ കക്ഷിയായ എഎപിക്ക് പുറമേ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ പാര്‍ട്ടികളും ഈ നീക്കത്തിനെതിരാണ്.

'ഈ ഭേദഗതി പഞ്ചാബിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. ഞങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. പഞ്ചാബിലെ ഗ്രാമങ്ങള്‍ നശിപ്പിച്ച് നിര്‍മിച്ച ചണ്ഡീഗഡിന് മേല്‍ പഞ്ചാബിന് മാത്രമാണ് അവകാശം. ഞങ്ങളുടെ അവകാശങ്ങള്‍ വിട്ടുകൊടുക്കില്ല. അതിനായി എന്ത് നടപടികള്‍ സ്വീകരിക്കാനും ഞങ്ങള്‍ തയ്യാറാണ്' - മുഖ്യമന്ത്രി ഭഗവന്ത് മന്‍ എക്സില്‍ കുറിച്ചു.

കേന്ദ്ര നീക്കം പഞ്ചാബിന്റെ സ്വത്വത്തിന്മേലുള്ള ആക്രമണമാണെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ചരിത്രം സാക്ഷിയാണ്. പഞ്ചാബികള്‍ ഒരിക്കലും ഏകാധിപത്യത്തിന് മുന്നില്‍ തലകുനിച്ചിട്ടില്ല. ഇന്നും അത് ചെയ്യില്ല.

ചണ്ഡീഗഢ് പഞ്ചാബിന്റേതാണ്, അത് അങ്ങനെ തന്നെ തുടരും. രാജ്യത്തിന്റെ സുരക്ഷയ്ക്കും ധാന്യത്തിനും വെള്ളത്തിനും വേണ്ടി എപ്പോഴും ത്യാഗം ചെയ്ത പഞ്ചാബിന് അതിന്റെ അവകാശം നിഷേധിക്കപ്പെടുകയാണെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.

ചണ്ഡീഗഡിനെ ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ ഇത് കേന്ദ്രഭരണ പ്രദേശത്തിനായി നേരിട്ട് ചട്ടങ്ങള്‍ രൂപവല്‍കരിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കും. ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

നിലവില്‍ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍ പഞ്ചാബ് ഗവര്‍ണറാണ്. 1966 ല്‍ പഞ്ചാബ് വിഭജിച്ച് ഹരിയാന രൂപീകരിച്ചപ്പോഴാണ് ചണ്ഡീഗഡ് ഒരു കേന്ദ്രഭരണ പ്രദേശമായി മാറിയത്. ചണ്ഡീഗഡ് പഞ്ചാബിന്റേതാണെന്നും ഹരിയാനയ്ക്ക് പ്രത്യേക തലസ്ഥാനം വേണമെന്നും പഞ്ചാബിലെ രാഷ്ട്രീയ നേതാക്കള്‍ പണ്ടേ ആവശ്യപ്പെടുന്നുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.