കൊല്‍ക്കത്ത: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ വരുതിയിലാണെന്നും വരാനിരിക്കുന്ന എസ്.ഐ.ആര്‍ നടപ്പിലാക്കുന്നതിലൂടെ യഥാര്‍ഥ വോട്ടര്‍മാരെ നീക്കം ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും മമത ആരോപിച്ചു. ബോംഗാവില്‍ നടന്ന എസ്.ഐ.ആര്‍ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ബിഹാറില്‍ ബിജെപിയുടെ പ്രചാരണത്തിന് മുന്നോടിയായി സര്‍ക്കാര്‍ എസ്.ഐ.ആര്‍ നടപ്പിലാക്കിയതില്‍ തട്ടിപ്പുണ്ടെന്ന് ആരോപിച്ച മമത ബംഗാളില്‍ ഇത് സംഭവിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തന്നെയോ തന്റെ ജനങ്ങളെയോ ബംഗാളില്‍ ലക്ഷ്യംവച്ചാല്‍ രാജ്യ വ്യാപകമായി തെരുവിലിറങ്ങുമെന്നും രാജ്യം മുഴുവന്‍ വിറപ്പിക്കുമെന്നും മമത ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി. അര്‍ഹരായ ഒരു വോട്ടറെയും ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഒരു എസ്.ഐ.ആര്‍ നടത്താന്‍ മൂന്ന് വര്‍ഷമെടുക്കും. ഇത് അവസാനമായി ചെയ്തത് 2002 ലാണ്. തങ്ങള്‍ ഒരിക്കലും എസ്.ഐ.ആറിനെ എതിര്‍ക്കുന്നില്ല. പക്ഷേ യഥാര്‍ഥ വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ കഴിയില്ല. ബിജെപി അവരുടെ പാര്‍ട്ടി ഓഫീസില്‍ പട്ടിക ശരിയാക്കുന്നു. അതനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുക്കുന്നു. ഇതാണ് ഇവിടെ നടക്കുന്നത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജോലി, ബിജെപി കമ്മീഷന്‍ ആകുകയല്ലെന്നും മമത വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തില്‍ (സിഎഎ) ബിജെപിയുടെ നിലപാടിനെയും മമത വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ മാത്രമാണ് മതത്തെ അടിസ്ഥാനമാക്കി ഫോമുകള്‍ വിതരണം ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു. സിഎഎയ്ക്ക് അപേക്ഷിക്കുന്നത് വോട്ടര്‍മാര്‍ക്ക് ഭാവിയില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാമെന്നും മമത മുന്നറിയിപ്പും നല്‍കി.