ബ്രഹ്മോസിന് ആവശ്യക്കാര്‍ ഏറി; 40,000 കോടിയുടെ കരാര്‍ അന്തിമ ഘട്ടത്തില്‍

ബ്രഹ്മോസിന് ആവശ്യക്കാര്‍ ഏറി; 40,000 കോടിയുടെ കരാര്‍ അന്തിമ ഘട്ടത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന് ആവശ്യക്കാര്‍ കൂടുന്നു. മിസൈലുകള്‍ വിതരണം ചെയ്യുന്നതിനായി ഇന്ത്യ 450 കോടി ഡോളറിന്റെ (ഏകദേശം 40,000 കോടിയിലധികം രൂപ) പ്രതിരോധ കരാറുകള്‍ക്ക് അന്തിമ രൂപം നല്‍കി. കരാറുകള്‍ ഉടന്‍ ഒപ്പുവെയ്ക്കും.

മറ്റ് പല രാജ്യങ്ങള്‍ക്കും മിസൈലുകളില്‍ വലിയ താല്‍പര്യമുള്ളതിനാല്‍ ഇനിയും ധാരാളം കരാറുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മെയില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാകിസ്ഥാന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ ബ്രഹ്മോസായിരുന്നു പ്രയോഗിച്ചത്. പാക് വ്യോമതാവളങ്ങളില്‍ മിസൈലുകള്‍ക്ക് കൃത്യമായി ആക്രമണങ്ങള്‍ നടത്താന്‍ കഴിഞ്ഞതാണ് വിദേശ രാജ്യങ്ങളെ ആകര്‍ഷിച്ചത്.

ബ്രഹ്മോസ് ആദ്യമായി യുദ്ധത്തിനായി ഉപയോഗിക്കുന്നത് ഓപ്പറേഷന്‍ സിന്ദൂറിലാണ്. മിസൈലുകളുടെ പ്രകടത്തില്‍ ആകൃഷ്ടരായ രാഷ്ട്രങ്ങളാണ് ഇപ്പോള്‍ കരാറില്‍ താല്‍പര്യം അറിയിച്ചെത്തിയത്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹേ്മോസ്, അടുത്തിടെ നടന്ന ദുബായ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചതും ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായി.

ഇന്‍ഡൊനീഷ്യയുമായുള്ള കരാറിനായി റഷ്യയുടെ അനുമതിക്ക് കാത്തിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. എന്നാല്‍, ബ്രഹ്മോസ് ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചതായതിനാല്‍ റഷ്യയുടെ കൂടി അനുമതി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാല്‍ ഇത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലെ സുപ്രധാനമായ മുന്നേറ്റമായിരിക്കും.

ബ്രഹ്മോസ് എയ്റോസ്പേയ്സ് എന്ന കമ്പനിയാണ് മിസൈല്‍ നിര്‍മിക്കുന്നത്. ഇന്ത്യയുടെ ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയെനിയെയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളിലൊന്നാണ്. കൃത്യത, വൈവിധ്യം, കരയില്‍നിന്നും കടലില്‍ നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാനുള്ള കഴിവ് എന്നിവയ്ക്ക് പേരുകേട്ട മിസൈല്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ ഏറെ ആകര്‍ഷിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.