ഓപ്പറേഷന്‍ സിന്ദൂര്‍: ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടതായി സി.ഐ.എസ്.എഫ്

ഓപ്പറേഷന്‍ സിന്ദൂര്‍: ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടതായി സി.ഐ.എസ്.എഫ്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടതായി സി.ഐ.എസ്.എഫ്. എന്നാല്‍ പാക് ശ്രമം പരാജയപ്പെടുത്തിയെന്നും നാശനഷ്ടങ്ങളുണ്ടായില്ലെന്നും സേന വ്യക്തമാക്കി.

ഡ്രോണ്‍ ആക്രമണമാണ് പാക്കിസ്ഥാന്‍ നടത്തിയത്. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള ചടങ്ങിലാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി മെയ് ആറ്, ഏഴ് തിയതികളിലാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകര സൈനിക കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ഇതിന് മറുപടിയായാണ് ഉറിയിലെ വൈദ്യുതി നിലയവും ജനവാസ കേന്ദ്രങ്ങളും പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത്.

സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുത്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നപ്പോള്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ സ്ഥലത്ത് നിന്ന് സുരക്ഷിതമായി മാറ്റിയെന്നും സേന അറിയിച്ചു.

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.