എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍

എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍

ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നീട്ടി വെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ സുപ്രീം കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍.

എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണ സംവിധാനം സ്തംഭിക്കുമെന്നും ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി സസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഈ ആവശ്യം ഉന്നയിക്കാന്‍ നിയമപരമായി സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ കമ്മിഷന്റെ മാത്രം അധികാര പരിധിയില്‍ വരുന്നതിനാല്‍ നിലവില്‍ എസ്ഐആര്‍ നടപടികളോ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളോ പരസ്പരം തടസപ്പെടുത്തുന്നില്ലെന്നും ജില്ലാ കളക്ടര്‍മാര്‍ പൂര്‍ണ സഹകരണം നല്‍കുന്നുണ്ടെന്നും കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

അതിനാല്‍ എസ്ഐആര്‍ നടപടികള്‍ ഒരു കാരണവശാലും നീട്ടി വെക്കരുതെന്ന് കമ്മിഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി സുപ്രീം കോടതി തേടിയിരുന്നു. അതിനുള്ള മറുപടിയിലാണ് കമ്മിഷന്‍ എസ്‌ഐആര്‍ നീട്ടി വയ്ക്കുന്നതിനെ എതിര്‍ക്കുന്നത്.

കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പുറമേ സിപിഎം. സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. എസ്ഐആര്‍ നടപടികളില്‍ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ ഉന്നയിക്കും. ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദം, കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഹര്‍ജിക്കാര്‍ കോടതിയെ അറിയിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.