ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന അശ്ലീലവും നിയമ വിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് സമിതിയെ രൂപീകരിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
യൂട്യൂബര്‍മാരായ രണ്‍വീര്‍ അലഹബാദിയും ആശിഷ് ചഞ്ച്ലാനിലും സമര്‍പ്പിച്ച ഹര്‍ജികളിലാണ് നിര്‍ദേശം. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍ ഏത് തരത്തിലുള്ളവയാണെന്ന് പരിശോധിക്കാന്‍ ആരെങ്കിലും വേണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം മനുഷ്യരുടെ അവകാശമാണെങ്കിലും അതിനെ ദുരുപയോഗം ചെയ്യരുതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
സോഷ്യല്‍ മീഡിയ കണ്ടന്റുകളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച്ചത്തെ സമയമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. പൊതു ഉപയോഗത്തിന് ഉപകാരപ്രദമായ കണ്ടന്റ് അല്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്നാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുടെ പ്രസ്താവനയില്‍ പറയുന്നത്.