ന്യൂഡല്‍ഹി: വിധികള്‍ മറ്റൊരു ബെഞ്ച് മറികടക്കുന്ന പ്രവണത അടുത്തകാലത്തായി വര്‍ധിച്ചുവരുന്നത് വേദനാജനകമാണെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും അഗസ്റ്റിന്‍ ജോര്‍ജ് മസീഹും അടങ്ങിയ ബെഞ്ചാണ് നിയമ ലോകത്ത് ചര്‍ച്ചയായേക്കാവുന്ന സുപ്രധാന നിരീക്ഷണം നടത്തിയത്.
തന്റെ ജാമ്യ നിബന്ധനയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത സ്വദേശി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. കൊല്‍ക്കത്ത വിട്ടുപോകരുതെന്ന ജാമ്യ നിബന്ധനയില്‍ മാറ്റംതേടി അനീസുര്‍ റഹ്മാന്‍ നല്‍കിയ ഹര്‍ജി തള്ളിയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജാമ്യ നിബന്ധനയില്‍ മാറ്റം തേടി ആദ്യം നല്‍കിയ ഹര്‍ജി ജസ്റ്റിസ് എ.എസ് ഓക അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് ഓക വിരമിച്ച ശേഷം ഇയാള്‍ വീണ്ടും സമീപിച്ചപ്പോഴാണ് വിഷയം ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ ബെഞ്ചിലെത്തിയത്.
തങ്ങളുടെ കാഴ്ചപ്പാടാണ് മികച്ചതെന്ന് മറ്റൊരു ബെഞ്ചിന് തോന്നിയത് കൊണ്ട് മാത്രം വിധികള്‍ തിരുത്തപ്പെടുകയാണെങ്കില്‍ ഒരു തീരുമാനവും അന്തിമമാകില്ലെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അങ്ങനെ വരുന്നത് ഭരണഘടനയുടെ 141-ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതിയില്‍ നിക്ഷിപ്തമായ അധികാരം തന്നെ ഇല്ലാതാക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നല്‍കി. അതിന്റെ മുഖ്യലക്ഷ്യമില്ലാതാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു ബെഞ്ചിന്റെ ഉത്തരവില്‍ തിരുത്തല്‍ തേടി മറ്റൊരു ബെഞ്ചിനെ ഹര്‍ജിക്കാര്‍ സമീപിക്കുന്ന പ്രവണത കൂടിവരുന്നതിനോടും സുപ്രീം കോടതി കടുത്ത വിയോജിപ്പ് അറിയിച്ചു. ചില കക്ഷികള്‍ക്ക് പരാതിയുണ്ടെന്ന കാരണത്താല്‍ വിധി പറഞ്ഞ ജഡ്ജിമാരുടെ അഭാവത്തില്‍ (വിരമിച്ചതിനാല്‍) തുടര്‍ന്നുള്ള ബെഞ്ചുകളോ അല്ലെങ്കില്‍ പ്രത്യേകം രൂപവല്‍കരിച്ച ബെഞ്ചോ പഴയ നിലപാട് മാറ്റുന്ന പ്രവണത കൂടിവരുകയാണെന്നും ഇത് വേദനയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് ദീപങ്കാര്‍ ദത്തയുടെ ഉത്തരവില്‍ പറയുന്നു.
രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയക്രമം നിശ്ചയിക്കല്‍, പദ്ധതികള്‍ക്ക് മുന്‍കൂര്‍ പാരിസ്ഥിതികാ അനുമതി, ഡല്‍ഹിയിലെ പടക്ക നിരോധനം, തെരുവുനായ പ്രശ്‌നം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ അടുത്തിടെ സുപ്രീം കോടതി പഴയ നിലപാടില്‍ മാറ്റം വരുത്തിയിരുന്നു.