പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങും; എസ്ഐആറില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങും; എസ്ഐആറില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ സര്‍വ കക്ഷി യോഗം വിളിച്ചു ചേര്‍ത്തു. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം (എസ്ഐആര്‍)പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം, ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) അമിത ജോലിയെയും മരണങ്ങളെയും കുറിച്ചുള്ള ആശങ്കകളും ഉന്നയിച്ചു.

യോഗം ക്രിയാത്മകവും ഗുണപരവുമായിരുന്നുവെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. 36 പാര്‍ട്ടികളില്‍ നിന്നായി 50 നേതാക്കള്‍ പങ്കെടുത്തുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പ്രതിപക്ഷ നേതാക്കള്‍ എസ്ഐആര്‍ ചര്‍ച്ച ആവശ്യപ്പെട്ടുവെന്നും എന്നാല്‍ പാര്‍ലമെന്റിന്റെ അജണ്ട തീരുമാനിക്കാന്‍ അധികാരമുള്ള ഏക സമിതി ബിസിനസ് ഉപദേശക സമിതിയാണെന്നും റിജിജു പറഞ്ഞു.

എസ്ഐആര്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ സഭാ നടപടികള്‍ തടസപ്പെടുത്തിയേക്കുമെന്ന് ചില നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും ചില വിഷയങ്ങളില്‍ പാര്‍ട്ടികള്‍ക്ക് വിയോജിപ്പുണ്ട് എന്ന കാരണത്താല്‍ മാത്രം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന് സ്വന്തം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സമയം നീട്ടി നല്‍കിയതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. മിക്കവാറും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും എസ്ഐആറിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു.

ഈ പ്രക്രിയ തിടുക്കത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദേഹം പറഞ്ഞു. പ്രധാനമന്ത്രി ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

എസ്ഐആറിന് പുറമെ ഡല്‍ഹിയിലുണ്ടായ സ്ഫോടനം, വിദേശ നയം സംബന്ധിച്ച വിഷയങ്ങളും പ്രതിപക്ഷ പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും. ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ച് ഡിസംബര്‍ 19 ന് അവസാനിക്കും.

സാധാരണയായി ഉണ്ടാകാറുള്ള 20 സിറ്റിങുകളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷത്തെ സമ്മേളനത്തില്‍ 15 സിറ്റിങുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും ചുരുങ്ങിയ ശീതകാല സമ്മേളനങ്ങളില്‍ ഒന്നാണ് ഇത്തവണത്തേത്. ദൈര്‍ഘ്യം കുറച്ച് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ആണവോര്‍ജ്ജ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം, ആണവ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം സാധ്യമാക്കാന്‍ ലക്ഷ്യമിടുന്ന ആറ്റമിക് എനര്‍ജി ബില്‍ അടക്കം 14 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലും ഇതിലുള്‍പ്പെടും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.