ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണം 390 ആയി

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണം 390 ആയി

ജക്കാര്‍ത്ത: ഡിറ്റ് വാ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ മരിച്ചവരുടെ എണ്ണം 390 ആയി. 352 പേരെ കാണാതായി. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.

കാന്‍ഡി ജില്ലയിലാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 88. 13,73,899 പേരെ പ്രളയം ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. 2,04,597 പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. 432 വീടുകള്‍ പൂര്‍ണമായും 15,688 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

അതേസമയം പ്രളയ ദുരിതത്തില്‍ നിന്ന് കരകയറാന്‍ പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ ശ്രീലങ്ക പ്രത്യേക നിധിയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ഓഫീസാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്ന ശ്രീലങ്കയ്ക്ക് പ്രളയ ദുരന്തം നേരിടുന്നതിനുള്ള നിധിയുണ്ടാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ലോക ബാങ്കുമായി ചര്‍ച്ച തുടങ്ങി. വിവിധ മേഖലകളില്‍ ഉണ്ടായ നാശനഷ്ടവും പുനരുദ്ധാരണത്തിനുള്ള ചെലവും കണക്കാക്കുന്നതിനാണ് ഇത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് കിട്ടിയേക്കും.

പ്രളയ ദുരിതത്തിലായ ശ്രീലങ്കയ്ക്ക് ഇന്ത്യ ദുരിതാശ്വാസ സഹായമായി 53 ടണ്‍ സാധനങ്ങള്‍ എത്തിച്ചു. ശ്രീലങ്കയില്‍ കുടുങ്ങിക്കിടന്ന രണ്ടായിരത്തില്‍ ഏറെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നവംബര്‍ 28 നാണ് 'ഓപ്പറേഷന്‍ സാഗര്‍ ബന്ധു' എന്ന പേരില്‍ ഇന്ത്യ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങിത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീലങ്കന്‍ പ്രസിഡന്റ് ദിസനായകയുമായി തിങ്കളാഴ്ച ഫോണില്‍ സംസാരിച്ചിരുന്നു. ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിലൂടെ ഇന്ത്യ തുടര്‍ന്നും സഹായം നല്‍കുമെന്ന് പ്രധാന മന്ത്രി ഉറപ്പ് നല്‍കി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായവും നല്‍കുമെന്ന് അറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് ശ്രീലങ്കന്‍ പ്രസിഡന്റ് നന്ദി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.