ന്യൂഡല്‍ഹി: ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷമല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വെള്ളിയാഴ്ച ഇരുരാഷ്ട്രത്തലവന്‍മാരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി വ്യക്തമാക്കിയത്.
റഷ്യ- ഉക്രെയ്ന്‍ പ്രതിസന്ധി ആരംഭിച്ചത് മുതല്‍ ഇരുരാജ്യങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലുണ്ടെന്നും റഷ്യ എല്ലാ വിശദാംശങ്ങളും നല്‍കുകയും ഇന്ത്യയില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്തു എന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ഒരു യഥാര്‍ഥ സുഹൃത്ത് എന്ന നിലയില്‍, നിങ്ങള്‍ സമയാസമയങ്ങളില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയിച്ചിട്ടുണ്ട്. വിശ്വാസം ഒരു വലിയ ശക്തിയാണെന്ന് താന്‍ വിശ്വസിക്കുന്നു, ഈ വിഷയം താങ്ഖളുമായി പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ട്, ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മോഡി പുടിനോട് പറഞ്ഞു. രാഷ്ട്രങ്ങളുടെ ക്ഷേമം സമാധാനത്തിന്റെ പാതയിലാണ്. ഒരുമിച്ച്, ലോകത്തെ ആ പാതയിലേക്ക് നമ്മള്‍ നയിക്കും. സമീപ ദിവസങ്ങളില്‍ നടക്കുന്ന ശ്രമങ്ങളിലൂടെ ലോകം വീണ്ടും സമാധാനത്തിന്റെ ദിശയിലേക്ക് തിരിച്ചുവരുമെന്ന് താന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നുവെന്നു അദേഹം കൂട്ടിച്ചേര്‍ത്തു
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഇന്ത്യ-റഷ്യ ബന്ധം പുടിന്റെ തന്ത്രപരമായ കാഴ്ചപ്പാടിനെ പ്രതിഫലിക്കുന്നുവെന്നും പതിറ്റാണ്ടുകളായി രൂപപ്പെട്ട ഊഷ്മളമായ ബന്ധങ്ങള്‍ക്ക് ഈ പങ്കാളിത്തം ഒരു ഉദാഹരണമാണെന്നും മോഡി പറഞ്ഞു. ഉക്രെയ്‌നുമായുള്ള സമാധാനപരമായ ഉടമ്പടിക്ക് റഷ്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നയതന്ത്രപരമായ ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് നല്‍കിയ ക്ഷണത്തിനും ഊഷ്മളമായ സ്വീകരണത്തിനും പുടിന്‍ മോഡിയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.