ന്യൂഡല്‍ഹി: റഷ്യന്‍ ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും സ്‌പെയര്‍ പാര്‍ട്സും മറ്റും നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാനും അവ ഇവിടെ നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ധാരണ. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴിലാണ് ഇത് നടപ്പിലാക്കുന്നത്.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യു.എസ് താരിഫ് തര്‍ക്കങ്ങള്‍ക്കിടെ, റഷ്യയുമായുള്ള വ്യാപാരം 10,000 കോടി ഡോളര്‍ ആയി ഉയര്‍ത്താനും ധാരണയായി. നിലവില്‍ 6400 കോടി യു.എസ് ഡോളറാണിത്.
2030 വരെയുള്ള സാമ്പത്തിക സഹകരണ പരിപാടിക്ക് അന്തിമ രൂപമായി. ഇന്ത്യ-യുറേഷ്യ സാമ്പത്തിക യൂണിയന്‍ സ്വതന്ത്ര വ്യാപാര മേഖലയ്ക്കുള്ള നീക്കം ശക്തമാക്കും. റഷ്യന്‍ സഹായത്തോടെയുള്ള രണ്ടാം ആണവ നിലയത്തിന് സ്ഥലം കണ്ടെത്തും. കൂടംകുളം ആണവ നിലയത്തിലെ പിന്തുണ തുടരും.
ഇന്ത്യയ്ക്ക് തുടര്‍ന്നും പെട്രോളിയം ഉല്‍പന്നങ്ങള്‍ നല്‍കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചു. പെട്രോളിയം ഇടപാടില്‍ ഡോളറിനെ പൂര്‍ണമായും ഒഴിവാക്കി രൂപ-റൂബിള്‍ കറന്‍സിയില്‍ നടത്തും. നിലവില്‍ 96 ശതമാനം ഇത്തരത്തിലാണ്. ഡോളറിന്റെ മൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യക്ക് ഇത് വന്‍ ലാഭമാണ്.
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക അധിക ചുങ്കം ചുമത്തുകയും ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലവട്ടം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനെ തിരസ്‌കരിക്കുന്നതാണ് പുടിന്റെ പ്രഖ്യാപനം.
എസ് 400, എസ് 500 വ്യോമ പ്രതിരോധം, സുഖോയ് 57 യുദ്ധ വിമാനങ്ങള്‍ എന്നിവ ഇന്ത്യ വാങ്ങുന്നത് ചര്‍ച്ചയായെങ്കിലും പ്രഖ്യാപനം നടത്തിയില്ല. വിവിധ ബഹിരാകാശ പദ്ധതികളില്‍ ഐഎസ്ആര്‍ഒയും റഷ്യന്‍ സ്‌പെയ്‌സ് ഏജന്‍സി റോസ്‌കോസ്മോസും തമ്മിലുള്ള മെച്ചപ്പെട്ട പങ്കാളിത്തം വര്‍ധിപ്പിക്കും.
ഉപഗ്രഹ നാവിഗേഷന്‍, ഗ്രഹ പര്യവേക്ഷണം തുടങ്ങി സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ബഹിരാകാശം ഉപയോഗിക്കാനുള്ള പദ്ധതികളില്‍ സഹകരിക്കും. റോക്കറ്റ് എന്‍ജിന്‍ വികസനം, ഉല്‍പാദനം, ഉപയോഗം എന്നിവയിലുള്ള സഹകരണം തുടരും.