വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടതായി നിഗമനം
പനാജി: ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗോവ പൊലീസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണ സംഖ്യ സ്ഥിരീകരിച്ചത്.
വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ക്ലബില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടതായാണ് നിഗമനം.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച ബിര്‍ച്ച് ബൈ റോമിയോ ലെയ്ന്‍ എന്ന ക്ലബിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അടുക്കള തൊഴിലാളികളാണെന്നാണ് വിലയിരുത്തല്‍. മൂന്നോ നാലോ പേര്‍ വിനോദസഞ്ചാരികളും ഉണ്ടെന്നാണ് വിവരം. അപകടത്തില്‍ മൂന്ന് പേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഗോവ മുഖ്യമന്ത്രി വിനോദ് സാവന്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാത്രി തന്നെ സ്ഥലത്ത് എത്തിയിരുന്നു. അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിപ്പിച്ചതിന് നിശാ ക്ലബ്ബിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വിനോദ് സാവന്ത് വ്യക്തമാക്കി.