ന്യൂഡല്‍ഹി: പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ ഏറ്റുവാങ്ങില്ല. തരൂരോ അദേഹത്തിന്റെ ഓഫിസോ അറിയാതെയാണ് ഇത്തരമൊരു പുരസ്‌കാരം പ്രഖ്യാപിച്ചതെന്നും അവാര്‍ഡ് ഏറ്റുവാങ്ങില്ലെന്നും അദേഹത്തിന്റെ ഓഫിസ് സ്ഥിരീകരിച്ചു. എച്ച്ആര്‍ഡിഎസ് പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപിയായ ശശി തരൂരിന് നല്‍കുമെന്നായിരുന്നു സംഘാടകര്‍ പ്രഖ്യാപിച്ചത്.
ഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി പുരസ്‌കാരം നല്‍കുന്നുണ്ട്. പൊതുസേവനത്തിലും സാമൂഹിക രാഷ്ട്രീയ രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികള്‍ക്കാണ് പുരസ്‌കാരം.
ദേശീയ, ആഗോള തലങ്ങളിലെ ഇടപെടലുകളാലാണ് തരൂരിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. അതേസമയം തരൂര്‍ പരിപാടിയില്‍ എത്തുമെന്ന് ഉറപ്പ് നല്‍കിയെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്.