പാക് ചാര സംഘടനയായ ഐഎസ്ഐ ബംഗ്ലാദേശില്‍ പിടിമുറുക്കുന്നു; ഇന്ത്യയ്ക്ക് ഇന്റലിജന്‍സ് മുന്നറിയിപ്പ്

പാക് ചാര സംഘടനയായ ഐഎസ്ഐ ബംഗ്ലാദേശില്‍ പിടിമുറുക്കുന്നു; ഇന്ത്യയ്ക്ക് ഇന്റലിജന്‍സ് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ബംഗ്ലാദേശിന്റെ രാഷ്ട്രീയ-സുരക്ഷാ രംഗങ്ങളില്‍ സ്വാധീനം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. 2024 ല്‍ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ വീണതിന് പിന്നാലെ അതിവേഗത്തിലാണ് ഐഎസ്ഐ ബംഗ്ലാദേശില്‍ നീക്കങ്ങള്‍ നടത്തി വരുന്നത്. ഇന്ത്യാ വിരുദ്ധത ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്‍-ബംഗ്ലാദേശ് ബന്ധത്തക്കുറിച്ച് ഇന്ത്യക്ക് ഇതിനോടകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ജമാ അത്തെ ഇസ്ലാമി, ഇക്വിലാബ് മഞ്ച് പോലുള്ള ഗ്രൂപ്പുകളിലൂടെ മത തീവ്രവാദം പ്രോത്സാഹിപ്പിക്കുക അതുവഴി പാകിസ്ഥാനിലേതിന് സമാനമായ ഒരു ഇന്ത്യാ വിരുദ്ധത ബംഗ്ലാദേശില്‍ ഉണ്ടാക്കിയെടുക്കുക തുടങ്ങിയവയിലാണ് പ്രധാനമായും ഐഎസ്ഐ ലക്ഷ്യം വെച്ചിരിക്കുന്നത് എന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെയുള്ള ആക്രമണങ്ങളും സംശയത്തോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.

ധാക്കയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനില്‍ ഐഎസ്ഐയുടെ ഒരു പ്രത്യേക സെല്‍ സ്ഥാപിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ യൂണിറ്റില്‍ ഉയര്‍ന്ന റാങ്കിലുള്ള സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉന്നത രഹസ്യാന്വേഷണ വിവരം അനുസരിച്ച് സെല്ലിന്റെ ആദ്യ ഘട്ടത്തില്‍ ഒരു ബ്രിഗേഡിയര്‍, രണ്ട് കേണല്‍മാര്‍, നാല് മേജര്‍മാര്‍, പാകിസ്ഥാന്റെ നാവിക, വ്യോമസേനകളില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

2025 ഒക്ടോബറില്‍ പാകിസ്ഥാന്‍ ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയുടെ നാല് ദിവസത്തെ ധാക്ക സന്ദര്‍ശന വേളയിലാണ്, ജനറല്‍ മിര്‍സയും ഉന്നത ഐഎസ്ഐ ഉദ്യോഗസ്ഥരും ബംഗ്ലാദേശിന്റെ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സും (NSI) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോഴ്സസ് ഇന്റലിജന്‍സും (DGFI) നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയത്. ഈ കൂടിക്കാഴ്ചകളുടെ ഫലമായി ബംഗാള്‍ ഉള്‍ക്കടലിന്റെ നിരീക്ഷണം ലക്ഷ്യമിട്ടുള്ള ഒരു സംയുക്ത രഹസ്യാന്വേഷണ സംവിധാനം രൂപപ്പെട്ടതായും സൂചനകളുണ്ട്. ഇത് ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തികള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.