വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടിക്കും അറ്റ്‌ലാന്റിക് സമുദ്രത്തില്‍ റഷ്യന്‍ എണ്ണക്കപ്പലിനെ ചെല്ലിയുണ്ടായ സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ വിവിധ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്തു. ഇതോടെ ഇറാനില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നേക്കാമെന്ന അഭ്യൂഹം ശക്തമായി.
രാജ്യത്തെ വിലക്കയറ്റത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരെ ഇറാനിലെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുണ്ടായാല്‍ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാന്‍ ഇറാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറായിട്ടില്ല.
പൊലീസ് വെടിവെപ്പിലും മറ്റുമായി ഇതുവരെ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് അറിയുന്നത്. ഇതിന് പിന്നാലെ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ശത്രുക്കളെ സഹായിക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്ന് ഉന്നത ജഡ്ജി ഘോലാം ഹൊസൈന്‍ മൊഹ്സെനി എജെയ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ സൈനിക ഇടപെടലിനുള്ള സാധ്യത വിലയിരുത്തപ്പെടുന്നത്.
അമേരിക്കയുടെ പതിനാല് സി 17 ഗ്ലോബ് മാസ്റ്റര്‍ 3 കാര്‍ഗോ ജെറ്റുകളും രണ്ട് സായുധ എസി 130 ജെ ഗോസ്റ്റ് റൈഡര്‍ ഗണ്‍ഷിപ്പുകളും ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ ഇറങ്ങിയതായാണ് മാധ്യമ റിപ്പോര്‍ട്ട്.
കൂടാതെ യു.എസ് വ്യോമ സേനയുടെ ഏറ്റവും വലിയ ചരക്കു വിമാനങ്ങളായ സി 5, സി 17 എന്നിവയും യുദ്ധ വിമാനങ്ങള്‍ക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കര്‍ വിമാനങ്ങളും എത്തിയിട്ടുണ്ട്.
ബ്രിട്ടനിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ്, മൈല്‍ഡന്‍ ഹാള്‍, ലേക്കന്‍ഹീത്ത് എന്നീ വ്യോമ താവളങ്ങളിലാണ് യുഎസ് വിമാനങ്ങളെത്തിയത്. യൂറോപ്പിലെയും മധ്യേഷ്യയിലെയും അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്ക് ഉപയോഗിക്കുന്ന വ്യോമതാവളങ്ങളാണ് ഇവ.
രാത്രി കാലങ്ങളില്‍ രഹസ്യമായി ശത്രു മേഖലകളില്‍ സൈനികരെ എത്തിക്കുന്നതില്‍ വൈദഗ്ധ്യമുള്ള അമേരിക്കയുടെ 160-ാമത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഏവിയേഷന്‍ റെജിമെന്റുമായി ബന്ധപ്പെട്ട വിമാനങ്ങളും പടക്കോപ്പുകളുമാണ് ബ്രിട്ടണില്‍ എത്തിയിട്ടുള്ളത്. ഇതോടെയാണ് മധ്യേഷ്യ കേന്ദ്രീകരിച്ചുള്ള ഈ നീക്കം ഇറാന്‍ ലക്ഷ്യമിട്ടാണെന്ന് അഭ്യൂഹം ശക്തമാകുന്നത്.