ചൈനയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും വേട്ട; സഭാ നേതാവ് ഉൾപ്പെടെ ആറ് പേർ പിടിയിൽ

ചൈനയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും വേട്ട; സഭാ നേതാവ് ഉൾപ്പെടെ ആറ് പേർ പിടിയിൽ

ബീജിങ് : ചൈനയിൽ ഔദ്യോഗിക നിയന്ത്രണങ്ങൾക്കു പുറത്തു പ്രവർത്തിക്കുന്ന ക്രൈസ്തവ സഭകൾക്ക് (അണ്ടർഗ്രൗണ്ട് സഭകൾ) നേരെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമർത്തൽ ശക്തമാകുന്നു. പ്രമുഖ പ്രൊട്ടസ്റ്റന്റ് സഭയായ ‘ഏർളി റെയ്ൻ കവനന്റ് ചർച്ചിന്റെ’ മുതിർന്ന നേതാവ് ലി യിംങ്ക്വിയാംഗ് ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെംങ്ഡു നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇദേഹത്തെ വീട്ടിൽ റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായവർ ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമാക്കാൻ ചൈനീസ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ചൈനയിൽ ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സഭകളെയും വിശ്വാസികളെയും ലക്ഷ്യമിട്ടുള്ള നിരന്തരമായ വേട്ടയാടലുകളുടെ ഭാഗമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി അണ്ടർഗ്രൗണ്ട് സഭകൾക്കെതിരെ കർശന നടപടികളാണ് ചൈന സ്വീകരിക്കുന്നത്. ഡിസംബറിൽ വെൻചൗ നഗരത്തിൽ നടന്ന റെയ്ഡിൽ നൂറിലധികം വിശ്വാസികളെ പോലീസ് പിടികൂടിയിരുന്നു. ഒക്ടോബറിൽ 'സയൺ ചർച്ച്' എന്ന സഭയിലെ പാസ്റ്റർമാരും വിശ്വാസികളും ഉൾപ്പെടെ മുപ്പതോളം പേർ അറസ്റ്റിലായിരുന്നു.

ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം നേരിട്ട് നിയന്ത്രിക്കുന്ന സഭകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാൽ വത്തിക്കാനോടോ മറ്റ് സ്വതന്ത്ര ക്രൈസ്തവ ആശയങ്ങളോടോ ആഭിമുഖ്യം പുലർത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾ രഹസ്യമായാണ് പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഇത്തരം സഭകളെ രാജ്യവിരുദ്ധമായി കണക്കാക്കി തകർക്കാനാണ് ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.