എം.എസ്.സി എല്‍സ അപകടം: കപ്പല്‍ കമ്പനി 1,227.62 കോടി രൂപ കെട്ടിവെച്ചു; പിടിച്ചുവെച്ച അക്വിറ്റേറ്റ 2 വിട്ടയച്ചു

എം.എസ്.സി എല്‍സ അപകടം: കപ്പല്‍ കമ്പനി 1,227.62 കോടി രൂപ കെട്ടിവെച്ചു; പിടിച്ചുവെച്ച അക്വിറ്റേറ്റ 2 വിട്ടയച്ചു

കൊച്ചി: എം.എസ്.സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനി കരുതല്‍ പണമായി 1,227.62 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടി വെച്ചു. തുക കെട്ടിവെച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എം.എസ്.സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1,227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കപ്പല്‍ കമ്പനി ആദ്യം മുതല്‍ സ്വീകരിച്ച നിലപാട്.

തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എം.എസ്.സി അക്വിറ്റേറ്റ 2 അറസ്റ്റ് ചെയ്ത് തടഞ്ഞു വെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു.

അറുനൂറിലധികം കണ്ടെയ്നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകി പലയിടങ്ങളിലായി അടിയുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.