'കനഗോലുവിലല്ല, ജനങ്ങളിലാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം': മുഖ്യമന്ത്രി

'കനഗോലുവിലല്ല, ജനങ്ങളിലാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം': മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പ്രത്യേക അവസ്ഥയാണെന്നും കേരളത്തിന്റെ പൊതുവായ സ്ഥിതിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ആത്മവിശ്വാസമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സീറ്റുകളോടെ ജനം എല്‍ഡിഎഫിനെ സ്വീകരിക്കും എന്നാണ് പ്രതീക്ഷ.

നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ പൊതു കാര്യമാണ്. അതിലെ ജനവിധി കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ അനുഭവം വിലയിരുത്തും. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്റെ സാഹചര്യം താരതമ്യം ചെയ്താല്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നാടിന്റെ അനുഭവങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ഥമാണ്. നിയമനത്തിന് ഇന്ന് കൈക്കൂലി നല്‍കേണ്ടി വരുന്നുണ്ടോ. നേരത്തെ പലതിനും റേറ്റുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. അതില്‍ മാറ്റം വന്നതില്‍ എല്‍ഡിഎഫിന് വലിയ പങ്കുണ്ട്. ഓരോ രംഗത്തും അത്ഭുതാവഹമായ മാറ്റം പ്രകടമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് നേട്ടത്തിന്റെ ഉദാഹരണമാണ്. നവജാത ശിശു മരണം, മാതൃമരണ നിരക്ക് എന്നിവ കുറഞ്ഞത് കേരളത്തിന്റെ മുന്നേറ്റമാണ്. വിദ്യാഭ്യാസ രംഗം പ്രതിസന്ധി നേരിട്ട കാലത്താണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അടച്ചുപൂട്ടാന്‍ നിന്ന സ്‌കൂളുകള്‍ ഇന്ന് മാറി.

പാഠപുസ്തകങ്ങള്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത് നല്‍കേണ്ടി വന്ന കാലമുണ്ടായിരുന്നു. അതെല്ലാം അവഗണനയുടെ ഫലമായിരുന്നു. ആളുകളുടെ അനുഭവത്തില്‍ വന്ന മാറ്റങ്ങളാണ് സംസ്ഥാനം എങ്ങനെ പോകണമെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത്. അതാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. എല്‍ഡിഎഫിന് കനഗോലുവിലല്ല, ജനങ്ങളിലാണ് വിശ്വാസം എന്നും മുഖ്യമന്ത്രി പറഞ്ഞു.

വെനസ്വേലയില്‍ അമേരിക്ക നടത്തിയ സൈനിക നടപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. വെനസ്വേലയുടെ പരമാധികാരം വകവയ്ക്കാതെ രാജ്യത്ത് കടന്നുകയറി രാഷ്ട്രത്തലവനെ അമേരിക്കന്‍ സാമ്രാജ്യത്വം ബന്ധിയാക്കി.

തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് ജനങ്ങളെ ഉപരോധത്തിലൂടെ ശ്വാസം മുട്ടിക്കുകയാണ് അമേരിക്ക. ഈ നികൃഷ്ടമായ കടന്നു കയറ്റത്തിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികളുടെ ശബ്ദം ഉയരണമെന്ന് അദേഹം ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.