ഇസ്ലാമബാദ്: കടം വീട്ടാന്‍ പുതിയ വഴികള്‍ തേടി പാകിസ്ഥാന്‍. സൗദി അറേബ്യയില്‍ നിന്നും നാല് ബില്യണ്‍ ഡോളറില്‍ അധികം പാകിസ്ഥാന്‍ കടമായി വാങ്ങിയിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ യുദ്ധ വിമാനം നല്‍കി കടം വീട്ടാനാണ് പാകിസ്ഥാന്റെ ശ്രമം.
സൗദിയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ സൈനിക കരാറിന്റെ മറ പറ്റിയാണ് പാകിസ്ഥാന്‍ പുതിയ തന്ത്രം മെനയുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കടം വാങ്ങിയ തുകയ്ക്ക് പകരമായി പാകിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ച ജെഎഫ് 17 തണ്ടര്‍ യുദ്ധ വിമാനം സൗദിക്ക് നല്‍കും. ഇതുമായി ബന്ധപ്പെട്ട് സൗദിയുമായി പാകിസ്ഥാന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്റെ ഏറ്റവും വലിയ വായ്പാ ദാതാക്കളാണ് ചൈനയും സൗദിയും. ഇരു രാജ്യങ്ങളില്‍ നിന്നായി പാകിസ്ഥാന്‍ വര്‍ഷങ്ങളായി വന്‍തോതില്‍ വായ്പയെടുക്കുന്നുണ്ട്. പാകിസ്ഥാന്റെ വിദേശനാണ്യ കരുതല്‍ ശേഖരം ഇപ്പോള്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. കൂടാതെ
അന്താരാഷ്ട്ര നാണയ നിധിയുടെ കൂടുതല്‍ വായ്പ നേടാനുള്ള ശ്രമത്തിലുമാണ് രാജ്യം.
പാകിസ്ഥാനും സൗദി അറേബ്യയും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. പാക് വ്യോമസേനാ മേധാവി സഹീര്‍ അഹമ്മദ് ബാബരര്‍ സിദ്ദു അടുത്തിടെ സൗദി സന്ദര്‍ശിച്ചിരുന്നു.