ലോസ് ആഞ്ചലസ്: ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 'ഡിൽബർട്ട്' കോമിക്സിന്റെ സ്രഷ്ടാവ് സ്‌കോട്ട് ആഡംസ് (68) ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു. പതിറ്റാണ്ടുകളോളം ഉറച്ച നിരീശ്വരവാദിയായിരുന്ന ആഡംസ് അർബുദബാധയെ തുടർന്ന് ജീവിതം അതീവ ഗുരുതരാവസ്ഥയിലായ സാഹചര്യത്തിലാണ് തന്റെ ഈ നിർണയകമായ മനമാറ്റം വെളിപ്പെടുത്തിയത്.
ഓഫീസ് സംസ്‌കാരത്തെ ഹാസ്യാത്മകമായി അവതരിപ്പിച്ച് ലോകപ്രശസ്തനായ ആഡംസിന് 2025 മെയിലാണ് പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചത്. നിലവിൽ അർബുദം അസ്ഥികളിലേക്ക് പടരുകയും അരയ്ക്ക് താഴെ പക്ഷാഘാതം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതീവ വേദനയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് യുക്തിവാദിയായിരുന്ന താൻ ക്രിസ്തുവിലേക്ക് തിരിയുന്നതായി അദേഹം പ്രഖ്യാപിച്ചത്.
ന്റെ തീരുമാനത്തെ പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ ബ്ലെയ്സ് പാസ്‌കലിന്റെ 'പാസ്‌കൽസ് വേജർ' എന്ന തത്വവുമായാണ് ആഡംസ് താരതമ്യം ചെയ്തത്. "ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ട് നഷ്ടമൊന്നുമില്ല, പക്ഷേ വിശ്വാസം സത്യമാണെങ്കിൽ അത് നിത്യജീവന് സഹായമാകും" എന്ന യുക്തിപരമായ സമീപനമാണ് ഇപ്പോൾ മുന്നോട്ട് വെക്കുന്നത്.
സ്‌കോട്ട് ആഡംസിന്റെ ഈ നീക്കം ഒരു യഥാർത്ഥ മാനസാന്തരമല്ലെന്നും മറിച്ച് സുരക്ഷിതമായ ഒരു 'ചൂതാട്ടം' മാത്രമാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഈ നിലപാടിനെ പോസിറ്റീവായാണ് ആത്മീയ ലോകം കാണുന്നത്.
"ദൈവത്തിലേക്ക് കടന്നു വരുന്ന എല്ലാവരും ആദ്യമേ പൂർണമായ വിശ്വാസ രൂപീകരണം നേടിയവരാകണമെന്നില്ല. സ്‌നേഹം തന്നെയായ ദൈവം ആഡംസിന്റെ ഈ തീരുമാനത്തെ തള്ളിക്കളയില്ല," - പ്രമുഖ ദൈവശാസ്ത്രജ്ഞൻ ഫാ. തോമസ് പെട്രി അഭിപ്രായപ്പെട്ടു.
തന്റെ കോമിക്സിലൂടെ ലോകത്തെയാകെ നിശിതമായി പരിഹസിച്ചിരുന്ന ഒരു യുക്തിവാദി ജീവിതത്തിന്റെ അവസാന നാളുകളിൽ വിശ്വാസത്തിന്റെ പാത തിരഞ്ഞെടുത്തത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.