ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനൊരുങ്ങി കോണ്‍ഗ്രസ്. അടുത്ത 13, 14 തിയതികളിലായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി കേരളത്തിലെത്തി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും.
രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ എഐസിസി നിരീക്ഷകരായ സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണാടക ഊര്‍ജ മന്ത്രി കെ.ജെ ജോര്‍ജ് എന്നിവരും വൈകാതെ കേരളത്തിലെത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.
ആദ്യ പടിയായി മധുസൂദന്‍ മിസ്ത്രി ചെയര്‍മാനായ നാലംഗ സ്‌ക്രീനിങ് കമ്മിറ്റി നടപടികള്‍ തുടങ്ങും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് ആലോചന.
ഫെബ്രുവരി അവസാനത്തോടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും. യുവത്വവും അനുഭവ സമ്പത്തുമായിരിക്കും മാനദണ്ഡങ്ങളെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് കേരളത്തിന്റെ സംഘടനാ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നതിനാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ മധുസൂദന്‍ മിസ്ത്രിക്ക് നന്നായറിയാം.
നൂറിലധികം സീറ്റുകളാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. തൊണ്ണൂറ് സീറ്റുകളാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ സര്‍വേ പ്രവചിക്കുന്നത്. ഇടത് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അത് കൃത്യമായി മുതലെടുക്കുവാനുള്ള പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുമാണ് തീരുമാനം.
പ്രചാരണത്തിനായി ദേശീയ നേതാക്കളുടെ വലിയ നിരയും കേരളത്തിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തില്‍ സജീവമാകും. പരമാവധി മണ്ഡലങ്ങളില്‍ നേതാക്കളെ എത്തിക്കാനാണ് നീക്കം.