ദുബായ്: ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഇറാനിലെ വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയില്‍. വെള്ളിയാഴ്ച ദുബായില്‍ നിന്ന് ഇറാനിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആറ് വിമാനങ്ങള്‍ റദ്ദാക്കി. ദുബായ് എയര്‍പോര്‍ട്ട് വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ടെഹ്റാന്‍, ഷിറാസ്, മഷ്ഹദ് എന്നി നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
ഇറാനിലേക്ക് അടക്കമുള്ള വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കുമെന്ന് ഫ്‌ളൈ ദുബായ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കാനുള്ള ഔദ്യോഗിക കാരണം എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാര്‍ക്ക് പകരമുള്ള ക്രമീകരണങ്ങളും അറിയിച്ചിട്ടില്ല.
റദ്ദാക്കിയ വിമാനങ്ങള്‍
ദുബായ്-ടെഹ്റാന്‍: പ്രധാന വിമാനത്താവളത്തിലേക്കുള്ള ഒന്നിലധികം സര്‍വീസുകള്‍.
ദുബായ്-ഷിറാസ്: പ്രക്ഷോഭം ശക്തമായ നഗരത്തിലേക്കുള്ള സര്‍വീസുകള്‍.
ദുബായ്-മഷ്ഹദ്: തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ ആശ്രയിക്കുന്ന പ്രധാന റൂട്ട്.
യുഎഇയെ കൂടാതെ തുര്‍ക്കിയില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയതായാണ് വിവരം. ടര്‍ക്കിഷ് എയര്‍ലൈന്‍സ് ടെഹ്റാനിലേക്കുള്ള തങ്ങളുടെ അഞ്ച് സര്‍വീസുകളും നിര്‍ത്തിവച്ചു. ഇറാനിയന്‍ എയര്‍ലൈനുകളുടെ അഞ്ച് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ചില വിമാനങ്ങള്‍ ഇപ്പോഴും ഷെഡ്യൂള്‍ പ്രകാരം പറക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയുംമൂലം ഇറാന്‍ ഭരണകൂടത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന വന്‍ പ്രതിഷേധങ്ങളാണ് വിമാന സര്‍വീസുകളെയും ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലെ ഇസ്രയേല്‍ സംഘര്‍ഷവും ഉപരോധങ്ങളും മൂലം തകര്‍ന്ന ഇറാന്‍ സമ്പദ്‌വ്യവസ്ഥ പ്രക്ഷോഭങ്ങളോടെ കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.