'തെരുവിലിറങ്ങിയ ജനങ്ങളെ കൊന്നൊടുക്കുന്നു'; ഇറാനില്‍ ട്രംപ് ഇടപെടണമെന്ന് റിസ പഹ്‌ലവി: തല്‍കാലം ചര്‍ച്ചയ്ക്കില്ലെന്ന് യു.എസ് പ്രസിഡന്റ്

'തെരുവിലിറങ്ങിയ ജനങ്ങളെ കൊന്നൊടുക്കുന്നു'; ഇറാനില്‍ ട്രംപ് ഇടപെടണമെന്ന് റിസ പഹ്‌ലവി: തല്‍കാലം ചര്‍ച്ചയ്ക്കില്ലെന്ന് യു.എസ് പ്രസിഡന്റ്

പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയെന്ന് യു.എസ് ആസ്ഥാനമായുള്ള ഏജന്‍സി.

ടെഹ്‌റാന്‍: ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇസ്ലാമിക വിപ്ലവ കാലത്ത് നാടുകടത്തപ്പെട്ട ഇറാനിയന്‍ രാജകുമാരന്‍ റിസ പഹ്‌ലവി. യു.എസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജന്‍സിയുടെ കണക്ക് പ്രകാരം ഇറാനില്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വെള്ളിയാഴ്ച 62 ആയിരുന്നു.

സ്വാതന്ത്ര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനങ്ങളെ ഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതാക്കുന്ന നയമാണ് ഇറാന്‍ ഭരണകൂടം സ്വീകരിക്കുന്നതെന്ന് റിസ പഹ്‌ലവി ആരോപിച്ചു. രാജ്യത്ത് ഇന്റര്‍നെറ്റും ആശയവിനിമയവും പുനസ്ഥാപിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും യു.എസ് പ്രസിഡന്റും ഇടപെടണമെന്നാണ് ഇപ്പോള്‍ അമേരിക്കയിലുള്ള പഹ്‌ലവിയുടെ ആവശ്യം.

'പ്രസിഡന്റ്, ഇത് അങ്ങയുടെ ശ്രദ്ധയ്ക്കും പിന്തുണയ്ക്കും അടിയന്തര നടപടിക്കുമായുള്ള ആഹ്വാനമാണ്. ഇറാനിലെ ജനങ്ങളെ സഹായിക്കാന്‍ ഇടപെടാന്‍ ദയവായി തയ്യാറാകണം'- റിസാ പഹ്‌ലവി സമൂഹ മാധ്യമ പോസ്റ്റില്‍ ആവശ്യപ്പെട്ടു.


അതേസമയം തല്‍കാലം പഹ്‌ലവിയുമായി ചര്‍ച്ചയ്ക്കില്ലെന്നും എന്നാല്‍ ഇറാനില്‍ പ്രശ്‌നം ഗുരുതരമാണെന്നും ഫോക്‌സ് ന്യൂസില്‍ വ്യാഴാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പിന്മാറാന്‍ തയ്യാറല്ലെന്നാണ് ഇറാനിലെ പരമാധികാരി ആയത്തുള്ള അലി ഖൊമേനി പ്രഖ്യാപിച്ചിരിക്കുന്നത്.

യു.എസ് പ്രസിഡന്റിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി സ്വന്തം തെരുവുകളും കെട്ടിടങ്ങളും നശിപ്പിക്കുകയാണ് ചില പ്രതിഷേധക്കാര്‍ ചെയ്യുന്നതെന്ന് ജനുവരി മൂന്നിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഖൊമേനി ആരോപിച്ചിരുന്നു. ട്രംപിനോട് സ്വന്തം രാജ്യത്തെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദേഹം ആവശ്യപ്പെടുകയുണ്ടായി. ഇസ്രയേലിന്റെയും യു.എസിന്റെയും ഇറാന്‍ ആക്രമണത്തെക്കുറിച്ച് സൂചിപ്പിച്ച ഖൊമേനി ട്രംപിന്റെ കൈകളില്‍ ആയിരത്തിലധികം ഇറാനികളുടെ രക്തം പുരണ്ടതായും അന്ന് വ്യക്തമാക്കിയിരുന്നു.


കഴിഞ്ഞ ദിവസങ്ങളില്‍ 'ഏകാധിപതിക്ക് മരണം, ഇസ്ലാമിക് റിപ്പബ്ലിക് മരിക്കട്ടെ' എന്ന മുദ്രാവാക്യവുമായി ജനങ്ങള്‍ രാജ്യ വ്യാപകമായി തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ വ്യാഴ്ച രാത്രി എട്ടോടെയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ഫോണ്‍ വിളികളും നിരോധിച്ചത്. പ്രതിഷേധത്തെ ശക്തമായി അടിച്ചമര്‍ത്തുന്നതിനുള്ള മുന്നൊരുക്കമായാണ് ലോകവുമായുള്ള ആശയ വിനിമയ മാര്‍ഗങ്ങളെല്ലാം വിച്ഛേദിച്ചതെന്നാണ് പരക്കേയുള്ള വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.