കാരക്കസ്: അമേരിക്കന്‍ സൈന്യം കരീബിയന്‍ കടലില്‍ വീണ്ടും എണ്ണക്കപ്പല്‍ പിടിച്ചെടുത്തു. എണ്ണ നീക്കത്തിന് ഉപരോധം നേരിടുന്ന ഒലീന എന്ന കപ്പലാണ് തടഞ്ഞുവച്ചിരിക്കുന്നതെന്ന് യു.എസ് സതേണ്‍ കമാന്‍ഡ് അറിയിച്ചു. വെനസ്വേലയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഉപരോധം നേരിടുന്ന കപ്പലുകള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമായാണ് നീക്കം.
മഡുറോയെ യു.എസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് എണ്ണയുമായി വെനസ്വേലയില്‍ നിന്ന് ഒലീന എന്ന കപ്പല്‍ പുറപ്പെട്ടത്. ഒരു യു.എസ് ഹെലികോപ്റ്റര്‍ ടാങ്കറില്‍ ഇറങ്ങുന്നതും സൈനികര്‍ ഡെക്കില്‍ പരിശോധന നടത്തുന്നതും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ദൃശ്യങ്ങളില്‍ കാണാം. കുറ്റവാളികള്‍ക്ക് സുരക്ഷിതമായ ഒളിത്താവളമില്ലെന്ന് സതേണ്‍ കമാന്‍ഡ് വ്യക്തമാക്കി.
അതേസമയം കപ്പലിന് വെനസ്വേലയുമായി ബന്ധമുണ്ടോയെന്നോ ഉപരോധം നേരിടുന്നുണ്ടോയെന്നോ വ്യക്തമാക്കാന്‍ സതേണ്‍ കമാന്‍ഡ് വിസമ്മതിച്ചു. വെനസ്വേലയിലേക്കും അവിടെ നിന്നും യാത്ര ചെയ്യുന്ന, ഉപരോധം നേരിടുന്ന കപ്പലുകള്‍ക്കെതിരായ കര്‍ശന നടപടികള്‍ തുടരുന്നതിനിടെയാണ് വീണ്ടും കപ്പല്‍ പിടിച്ചെടുത്തത്. വെനസ്വേലന്‍ എണ്ണയുടെ ആഗോള വിതരണം നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായി യു.എസ് സൈന്യം പിടിച്ചെടുക്കുന്ന അഞ്ചാമത്തെ എണ്ണക്കപ്പലാണ് ഒലിന.