അൽ-മഗ്താസ്: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ കർത്താവിന്റെ മാമ്മോദീസ തിരുനാൾ ആഘോഷിച്ചപ്പോൾ ജോർദാൻ നദീതീരം പ്രത്യാശയുടെയും പ്രാർഥനയുടെയും സംഗമവേദിയായി. ഗാസയിലും വിശുദ്ധ നാട്ടിലും യുദ്ധത്തിന്റെ കറുത്ത മേഘങ്ങൾ വിടാതെ നിൽക്കുമ്പോഴും സമാധാനത്തിന്റെ പുതിയ പുലരിക്കായി പ്രാർഥിക്കാൻ ആയിരങ്ങളാണ് ജോർദാനിലെ അൽ-മഗ്താസിലേക്ക് ഒഴുകിയെത്തിയത്.
യേശുക്രിസ്തു സ്നാപക യോഹന്നാനിൽ നിന്ന് മാമ്മോദീസ സ്വീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ‘ബാപ്റ്റിസം ഓഫ് ദി ലോർഡ്’ പള്ളിയിൽ നടന്ന ചടങ്ങുകൾ ഭക്തിസാന്ദ്രമായിരുന്നു. അയ്യായിരത്തിലധികം വരുന്ന വിശ്വാസികൾക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും ഈ പുണ്യനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നു.
വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിയ ജോർദാനിലെ ലാറ്റിൻ പാത്രിയർക്കൽ വികാരി ബിഷപ്പ് ഇയാദ് ത്വൽ ഗാസയിലെയും പാലസ്തീനിലെയും നിmഹായരായ ജനതയ്ക്കായി കണ്ണുനീരോടെ പ്രാർഥിച്ചു. "യുദ്ധത്തിന് അറുതിയുണ്ടാകണം. നീതിപൂർവമായ സമാധാനം ഈ മണ്ണിൽ പൂവണിയണം. ഇരുളടഞ്ഞ ഗാസയിൽ പ്രത്യാശയുടെ പൊൻകിരണങ്ങൾ ഉദിക്കട്ടെ..." - ബിഷപ്പ് ഇയാദ് ത്വൽ പ്രത്യാശ പ്രകടിപ്പിച്ചു.
ഭീതിയുടെ നാളുകൾ അകലണമെന്നും ലോകമെമ്പാടുമുള്ള തീർഥാടകർ ഈ പുണ്യഭൂമിയിലേക്ക് മടങ്ങി വരണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. യുദ്ധം തകർക്കുന്ന മണ്ണിൽ പ്രാർഥനയുടെ കരുതൽ തേടിയുള്ള ഈ വാർഷിക തീർഥാടനം ലോകത്തിന് മുന്നിൽ വലിയൊരു സമാധാന സന്ദേശമാണ് നൽകുന്നത്.