ശിരോവസ്ത്രങ്ങൾ കത്തിച്ചും മുടിമുറിച്ചും പ്രതിഷേധം; വധശിക്ഷ പോലും ഭയക്കാതെ ഇറാനിലെ മത ഭരണ കൂടത്തിനെതിരെ സ്ത്രീകൾ

ശിരോവസ്ത്രങ്ങൾ കത്തിച്ചും മുടിമുറിച്ചും പ്രതിഷേധം; വധശിക്ഷ പോലും ഭയക്കാതെ ഇറാനിലെ മത ഭരണ കൂടത്തിനെതിരെ സ്ത്രീകൾ

ടെഹ്‌റാൻ: ഇറാനിലെ തെരുവുകളിൽ വധശിക്ഷ പോലും ഭയക്കാതെ സ്ത്രീകൾ ശിരോവസ്ത്രങ്ങൾ (ഹിജാബ്) പരസ്യമായി കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ചിത്രം കത്തിച്ചും അതിൽ നിന്നും സിഗരറ്റിന് തീകൊളുത്തിയും ഇറാനിയൻ യുവതികൾ നടത്തുന്ന പ്രതിഷേധം മുന്നേറുകയാണ്.

മതത്തിന്റെ പേരിൽ സ്ത്രീകളെ വരിഞ്ഞുമുറുക്കിയ ഭരണകൂടത്തിന്റെ കരണത്തേറ്റ കനത്ത പ്രഹരമാണ് ഇത്തരം സമരമുറകൾ. പരമോന്നത നേതാവിനെ അപമാനിക്കുന്നതും സ്ത്രീകൾ പൊതുസ്ഥലത്ത് പുകവലിക്കുന്നതും ഇറാനിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പുമായി ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. നിയമലംഘകർക്ക് വധശിക്ഷ നൽകുമെന്ന് ടെഹ്‌റാനിലെ പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി. ഇതിനോടകം തന്നെ ടെഹ്‌റാനിൽ മാത്രം പ്രതിഷേധവുമായി ബന്ധപ്പെട്ട മരണസംഖ്യ 200 കടന്നു. കഴിഞ്ഞ വർഷം ഖൊമേനിയുടെ ചിത്രം കത്തിക്കുന്ന വീഡിയോ പങ്കുവെച്ച ഒമിദ് സർലാക്ക് എന്ന യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

ഇറാനിയൻ സ്ത്രീകളുടെ ഈ സമാനതകളില്ലാത്ത ധീരതയെ വാനോളം പുകഴ്ത്തുകയാണ് ലോകം. യഥാർത്ഥ പോരാളികൾ ഇവരാണ് എന്നാണ് ഭൗമരാഷ്ട്രീയ വിദഗ്ധനായ ക്ലേ ട്രാവിസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവൻ പണയപ്പെടുത്തി ഇറാനിലെ യുവതികൾ നടത്തുന്ന ഈ വിപ്ലവം 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യാവകാശ പോരാട്ടമായി മാറിക്കഴിഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.