ധാക്ക: ചരിത്രവും വിശ്വാസവും ഇഴചേർന്നു നിൽക്കുന്ന ബംഗ്ലാദേശിലെ ആദ്യ ദേവാലയത്തിന്റെ മണ്ണ് വീണ്ടെടുക്കാനുള്ള കത്തോലിക്കാ സഭയുടെ ആഗ്രഹം വലിയൊരു പ്രതിസന്ധിയിൽ. സുന്ദർബൻ വനമേഖലയോട് ചേർന്നുള്ള സത്ഖീര ജില്ലയിലെ 'ചർച്ച് ഓഫ് ദി ഹോളി നെയിം ഓഫ് ജീസസ്' എന്ന ദേവാലയത്തിന്റെ ചരിത്രഭൂമിയാണ് ഇന്ന് സംരക്ഷണമില്ലാതെ അന്യാധീനപ്പെട്ടു കിടക്കുന്നത്.
1600 ജനുവരി ഒന്നിനാണ് പോർച്ചുഗീസ് ജെസ്യൂട്ട് വൈദികരായ ഫാദർ ഫ്രാൻസെസ്കോ ഫെർണാണ്ടസും ഫാദർ ഡൊമിംഗോ ഡി സൂസയും ചേർന്ന് ഈ ദേവാലയം പണിതത്. അക്കാലത്തെ പ്രതാപാദിത്യ രാജാവാണ് പള്ളി പണിയാനുള്ള അനുമതിയും സാമ്പത്തിക സഹായവും നൽകിയത്. രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന പോർച്ചുഗീസ് സൈനികർക്ക് ആരാധന നടത്താനായിരുന്നു ഈ ദേവാലയം പ്രധാനമായും ഉപയോഗിച്ചിരുന്നത്.
നൂറ്റാണ്ടുകൾക്കിപ്പുറം പള്ളി നാമാവശേഷമായി. ഇപ്പോൾ ആ ഭൂമിയിൽ ഒരു മുസ്ലിം കുടുംബമാണ് താമസിക്കുന്നത്. ഖുൽന രൂപതയുടെ നേതൃത്വത്തിൽ ഈ ഭൂമി വിലകൊടുത്ത് വാങ്ങാൻ ശ്രമിച്ചെങ്കിലും താമസക്കാർ വഴങ്ങിയില്ല. നിലവിൽ വലിയൊരു തുക നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കാൻ ഖുൽന രൂപതയുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത.
"ബംഗ്ലാദേശിലെ ആദ്യ പള്ളി ഈശ്വരിപുരിലാണെന്ന് ഞങ്ങൾ പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. എന്നാൽ അവിടെ ചെന്നാൽ ഇന്ന് അതിന്റെ ഒരു അടയാളവും കാണാനില്ല. ഒരു മതത്തിന്റെ ചരിത്രം ഇങ്ങനെ മാഞ്ഞുപോകാൻ പാടില്ല," 34-കാരനായ പ്രവീൺ മൊണ്ടാൽ എന്ന വിശ്വാസി പറയുന്നു. ആ മണ്ണിൽ ഒരു ചെറിയ ചാപ്പലെങ്കിലും നിർമ്മിച്ച് ചരിത്രം സംരക്ഷിക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
ഭരണ കൂടത്തിന്റെ ഭാഗത്തു നിന്ന് ഗൗരവമായ ഇടപെടൽ ഉണ്ടായാൽ വിഷയം പരിശോധിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഖുൽന രൂപതയിലെ ഭൂമി കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഫാദർ ഫിലിപ്പ് മൊണ്ടാലിന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ട്. സർക്കാരിന്റെ പിന്തുണയും പുറത്തുനിന്നുള്ള സാമ്പത്തിക സഹായവും ലഭിച്ചാൽ ഈ പൈതൃക ഭൂമി സഭയ്ക്ക് വീണ്ടെടുക്കാനാകുമെന്ന് ഫാദർ ഫിലിപ്പ് പറയുന്നു.
17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ ഒരു ശതമാനത്തിൽ താഴെ മാത്രമുള്ള ക്രൈസ്തവ സമൂഹത്തിന്, തങ്ങളുടെ വിശ്വാസ വേരുകൾ സംരക്ഷിക്കാനുള്ള ഈ പോരാട്ടം അത്യന്തം പ്രധാനമാണ്.